കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം നാളെ പാലാ കോടതിയിൽ സമർപ്പിക്കും. ബലാത്സംഗം ഉൾപ്പടെയുള്ള 5 വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. കേസിൽ കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണ് ഉള്ളത്. ഇതിൽ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാർ എന്നിവരും ഉൾപ്പെടും.
ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡി.ജി.പിയുടെ അനുമതി ലഭിച്ചത്.