radar
റഡാർ

ന്യൂഡൽഹി: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ കടന്നുകയറ്റ ശ്രമത്തിന് നൽകിയ തിരിച്ചടിയിൽ അവരുടെ എഫ്-16 യുദ്ധവിമാനം തകർത്തതിന് റഡാർ തെളിവ് ഇന്ത്യ പുറത്തുവിട്ടു. എഫ്-16 തകർത്തെന്ന ഇന്ത്യയുടെ വാദം തള്ളുന്ന റിപ്പോർട്ട് അമേരിക്കൻ മാഗസിനായ ഫോറിൻ പോളിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള വ്യക്തമായ മറുപടിയാണ് ഇന്ത്യ ഇന്നലെ തെളിവു സഹിതം നൽകിയത്.

"ഫെബ്രുവരി 27ലെ ഡോഗ് ഫൈറ്റിൽ പാകിസ്ഥാൻ എഫ്-16 ഉപയോഗിച്ചു എന്നതിന് മാത്രമല്ല,​ അത് ഇന്ത്യൻ വ്യോമസേന മിഗ് 21 ബൈസൺ യുദ്ധവിമാനം ഉപയോഗിച്ച് തകർത്തതിനും നമ്മുടെ കൈയിൽ നിരസിക്കാനാകാത്ത തെളിവുണ്ട് "- എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മിഗ് 21 ബൈസൺ ഉപയോഗിച്ച് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എഫ് -16 തകർത്തെന്നും ഈ ആക്രമണത്തിലാണ് അദ്ദേഹം പാക് പിടിയിലായതെന്നുമാണ് വ്യോമസേന നേരത്തേ വ്യക്തമാക്കിയിരുന്നത്. ആക്രമണത്തിന് ശേഷം,​ 28ന് എഫ് -16ൽ നിന്ന് പാകിസ്ഥാൻ നിക്ഷേപിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യ പ്രദർശിപ്പിക്കുകയും ചെയ്തു.

പാകിസ്ഥാന്റെ പക്കലുള്ള എഫ് -16 വിമാനങ്ങൾ സുരക്ഷിതമായുണ്ടെന്നും ഇന്ത്യയുടെ അവകാശ വാദം ശരിയല്ലെന്നും പറഞ്ഞ് മുഖം രക്ഷിക്കാൻ അമേരിക്ക ശ്രമിച്ചതോടെയാണ് ആക്രമണത്തിന്റെ റഡാർ ദൃശ്യങ്ങളുമായി ഇന്ത്യ രംഗത്തെത്തിയത്.