anupama-ias

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘച്ചതിന് തൃശൂർ കളക്ടർ ടി.വി അനുപമ നടൻ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് അനുപമയുടെ ഫേസ്ബുക്കിൽ അസഭ്യവർഷവുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ ടി.വി അനുപമയാണെന്നു കരുതി നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലും പ്രവർത്തകർ ശരണം വിളിയുമായി രംഗത്തെത്തി.

കളക്ടർ ആരാണെന്ന് അറിയാതെയാണ് സംഘവരിവാർ പ്രവർത്തകർ ശരണം വിളിയുമായി നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിൽ എത്തിയത്. ഫേസ്ബുക്ക് കളക്ടറുടേതല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കമന്റുമായി എത്തുന്നവർ ഇക്കാര്യം ശ്രദ്ധിച്ചിരുന്നല്ല. അനുപമ പരമേശ്വരൻ എന്ന ഹിന്ദു പേരിൽ വന്നാൽ ഞങ്ങൾ കണ്ടുപിടിക്കില്ല എന്ന് കരുതിയോ എന്നാണ് ഒരാ‍ൾ കമന്റായി കുറിക്കുന്നത്.

അനുപമക്കെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. അനുപമയുടെ യഥാർഥ പേര് അനുപമ ക്ലിൻസണ്‍ ജോസഫ് ആണെന്ന് പറഞ്ഞ് സംഘപരിവാർ പ്രവർത്തകരാണ് രംഗത്തെത്തിയിരുന്നത്. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി, അയ്യപ്പന്റെ പേരുപറഞ്ഞ് വോട്ട് ചോദിച്ചതിനാണ് സുരേഷ് ഗോപിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസ് നൽകിയത്.