ബെഗുസരായി : കനയ്യ കുമാറിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിയിൽ ബോളിവുഡ് താരങ്ങൾ അടക്കമുള്ള പ്രശസ്തരെത്തുമെന്ന് സൂചന. ഇന്നാണ് കനയ്യയുടെ പത്രിക സമർപ്പിക്കുന്നത്. പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും ഭാര്യയും ബോളിവുഡ് നടിയുമായ ഷബാന ആസ്മിയും കനയ്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയിലോ അല്ലെങ്കിൽ പ്രചാരണം ശക്തമാകുമ്പോഴോ ഇവർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കനയ്യയുടെ ഇളയ സഹോദരൻ പ്രിൻസ് കുമാർ പറഞ്ഞു. നടൻ പ്രകാശ് രാജ്, ബോളിവുഡ് നടി സ്വര ഭാസ്‌കർ, വിദ്യാർത്ഥി പ്രവർത്തകയും എഴുത്തുകാരിയുമായ ഗുർമെഹർ കൗർ, രാഷ്ട്രീയ പ്രവർത്തകയും പി.എച്ച്.ഡി വിദ്യാർത്ഥിനിയുമായ ഷെഹ്ല റഷീദ് ഷോറ എന്നിവരുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നുണ്ട്. ഹാർദ്ദിക് പട്ടേലും ജിഗ്നേഷ് മെവാനിയും ഉറപ്പായും എത്തുമെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.
ജാതീയമായ വേർതിരിവിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവ്വകലാശാലയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ അമ്മയും കനയ്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.എൻ.യു വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ കാണാതായ നജീബ് അഹമ്മദിന്റെ അമ്മയുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നുണ്ട്.