ന്യൂഡൽഹി: സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് അതൃപ്തരായി നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെ മുരളി മനോഹർ ജോഷിയുടെ വീട്ടിലെത്തി അമിത് ഷാ കൂടികാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടികാഴ്ച നീണ്ടതായാണ് റിപ്പോർട്ട്. പിന്നാലെ എൽ.കെ അദ്വാനിയെയും അമിത് ഷാ കണ്ടു. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ഇത്തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് മുരളി മനോഹർ ജോഷി അതൃപ്തി അനുയായികളിലൂടെ പുറത്തുവിടുകയും ചെയ്തു. പാർട്ടി സ്ഥാപക നേതാവായ അദ്വാനിയുടെ സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത് ഷായാണ് മത്സരിക്കുന്നത്. അദ്വാനി ബ്ളോഗിലൂടെ തന്റെ അതൃപ്‌തി പരസ്യമാക്കിയിരുന്നു.
അതേസമയം, വാരാണാസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാർത്ഥിയായി മുരളി മനോഹർ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയ ദിവസം തന്നെ അമിത് ഷാ ഇരുനേതാക്കളുമായും കൂടികാഴ്ച നടത്തിയത്.
75 വയസു തികഞ്ഞവർക്ക് സീറ്റു നൽകേണ്ടതില്ലെന്ന പാർട്ടി നിലപാട് വ്യക്തമാക്കുന്നതിനൊപ്പം പ്രചാരണത്തിലും മറ്റും ഇരുവരുടെയും സാന്നിധ്യം ഉറപ്പാക്കാനും നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. മുതിർന്ന നേതാക്കളുടെ അതൃപ്തി എതിരാളികൾ ആയുധമാക്കുന്നതും നേതൃത്വം ഗൗരവമായി കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.