കൊല്ലം: ഇന്നലെ ആരംഭിച്ച കേരള സർവകലാശാലയുടെ ഡിഗ്രി 6-ാം സെമസ്റ്റർ പരീക്ഷ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടുവെങ്കിലും കോളേജുകളിൽ പരീക്ഷ തടസ്സമില്ലാതെ നടന്നു. കോടതി ഉത്തരവ് വിശ്വാസത്തിലെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുമായില്ല. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് പഠിയ്ക്കാൻ വേണ്ടത്ര സ്റ്റഡി ലീവ് ലഭിച്ചില്ലെന്ന് കാട്ടി കൊല്ലം എസ്.എൻ കോളേജിലെ ഡിഗ്രി 6-ാം സെമസ്റ്റർ വിദ്യാർത്ഥികളായ മെനിനോ ഫുട്ടോ, ആഷിഷ് ചന്ദ്രൻ, വിപിൻ ചന്ദ്രൻ എന്നിവരാണ് സർവകലാശാലാ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ആറാം സെമസ്റ്റർ ക്ളാസ് തുടങ്ങിയത് തന്നെ ജനുവരി 21 നാണ്. കുറഞ്ഞത് 90 ദിവസമെങ്കിലും പഠനകാലയളവ് നൽകണമെന്ന സർവകലാശാലാ ചട്ടം പാലിച്ചില്ലെന്നു കാട്ടിയാണ് വിദ്യാർത്ഥികൾ ഹർജി നൽകിയത്. ഹർജി അനുവദിച്ച സിംഗിൾ ബഞ്ച്, ഇന്നലെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാണ് ഉത്തരവ് നൽകിയത്. എന്നാൽ ഉത്തരവിറങ്ങിയപ്പോഴേക്കും പരീക്ഷ തുടങ്ങിയിരുന്നു. പരീക്ഷ മാറ്റിയതായി കോടതി ഉത്തരവിട്ടെന്നറിഞ്ഞ് പലരും പരീക്ഷ എഴുതാനെത്തിയതുമില്ല. ഇനി അടുത്ത പരീക്ഷ ബുധനാഴ്ചയാണ്.