തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ സിനിമാ താരം ജയസൂര്യ പങ്കെടുക്കുമെന്നുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ പോസ്റ്ററുകൾ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. ബി.ജെ.പിയുടെ യുവജനങ്ങളുടെ കൂട്ടായ്മയായ യുവസമാവേശിൽ പങ്കെടുക്കുമെന്നാണ് ബി.ജെ.പി പുറത്തിറക്കിയ പോസ്റ്ററിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാൽ ജയസൂര്യയെ ഇത് പൊതുപരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘാടകർ ക്ഷണിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിലൂടെ താരം പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വേണ്ടി വോട്ട് പിടിക്കാൻ ബി.ജെ.പി തയ്യാറാക്കിയ പരിപാടിയായിരുന്നു യുവ സമാവേശ് എന്നും സംഘാടകർ ജയസൂര്യയോട് ഇക്കാര്യം മറച്ചുവെച്ചാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും ആക്ഷേപമുണ്ട്.
പരിപാടി ഉദ്ഘാടനം ചെയ്തത് മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെൻകുമാറാണ്. പരിപാടിയിൽ ജയസൂര്യ പങ്കെടുക്കുന്നില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.