lakshadweep-

കൊച്ചി: ലക്ഷദ്വീപിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ തിരഞ്ഞ് ജീവനക്കാരും പൊലീസ്. അവസാനം അതിഥിയെ കണ്ടെത്തിയെങ്കിലും സത്കരിക്കാനൊന്നും നിൽക്കാതെ അപ്പോൾ തന്നെ കക്ഷിയെ നാടുകടത്തി. ലക്ഷദ്വീപിനെ ഒരുദിവസം മുഴുവൻ വലച്ചത് നിയമം തെറ്റിച്ച് കരയിൽ നിന്ന് കപ്പലിൽ എത്തിയ ഒരു നായ ആയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ചരക്ക് കപ്പലിലാണ് നായ കയറിക്കൂടിയത്. ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്കുള്ളതായിരുന്നു കപ്പൽ. ചരക്ക് കപ്പൽ തുറമുഖത്ത് നൽകിയ കാർഗോ ലിസ്റ്റിലോ ക്രൂ ലിസ്റ്റിലോ നായ ഉണ്ടായിരുന്നില്ല. ലക്ഷദ്വീപിലെത്തിയ കപ്പലിൽ നിന്ന് നായ കരയിലേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ലക്ഷദ്വീപിലുള്ള മുസ്ലിം വിഭാഗത്തിന് നായ ഹറാമാണ്. മാത്രമല്ല നിലവിൽ നായകൾ ഇല്ലാത്ത സ്ഥലം കൂടിയാണ് ലക്ഷദ്വീപ്.

നായ കരയിലേക്ക് എത്തിയത് ശ്രദ്ധയിൽപെട്ട തുറമുഖത്തെ ജീവനക്കാർ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരള ആംഡ് പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ ഒരു ദിവസം മുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നായയെ വീണ്ടും കപ്പലിൽ കയറ്റി. ഇതിന് ശേഷം കപ്പലിലെ ചരക്ക് പോലും ഇറക്കാൻ സമ്മതിക്കാതെ നായയുമായി തിരിച്ച് പോകാൻ കപ്പലിലെ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.