udf-

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലങ്ങളിൽ പ്രവചിക്കുന്നു. പ്രമുഖ മലയാള മാദ്ധ്യമവും ന്യൂസ് - പ്രമുഖ സർവേ ഏജൻസിയായ എ.സി നീൽസണും സംയുക്തമായി നടത്തിയ സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് നേടി ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്നാണ് സർവേ ഫലം. കേരളത്തിൽ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുൻതൂക്കം നേടും. എൽ.ഡി.എഫ് അ‌ഞ്ചുസീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേയിൽ പറയുന്നു.

കണ്ണൂരും കാസർകോടും യു.ഡി.എഫ് തിരിച്ചുപിടിക്കും. സർവെ ഫലം. കാസർകോട്ട് 43 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ 35 ശതമാനം പേരാണ് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടർമാരുടെ പിന്തുണയാണ് എൻ.ഡി.എയ്ക്കുള്ളത്. കടുത്ത മത്സരം പ്രവചിക്കുന്ന കണ്ണൂരിൽ 47 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ 44 ശതമാനം എൽ.ഡി.എഫിനെ പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടർമാരാണ് എൻ.ഡി.എയെ പിന്തുണയ്ക്കുന്നത്. കൊല്ലം യു.ഡി.എഫ് നേടുമെന്നാണ് സർവേയിൽ പറയുന്നത്. മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർ‌ത്ഥി വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം ആലത്തൂർ എൽ.ഡി.എഫ് നേടും. കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയിലും യു.ഡി.എപ് വിജയിക്കുമെന്നാണ് സർവേഫലം. കോംഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ 42 ശതമാനം വോട്ട് നേടി യു.ഡി.എഫ് വിജയിക്കും. വടകരയിൽ എൽ.ഡി.എഫ് വിജയിക്കുമെന്നും സർവേ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് സർവേയിൽ പങ്കെടുത്ത 57 ശതമാനം പേർ അഭിപ്രായപ്പെട്ടു.

വളരെ നല്ലതെന്ന് 23 ശതമാനം വോട്ടർമാരും ശരാശരി എന്ന് 5 ശതമാനം വോട്ടർമാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടർമാരും മോശം എന്ന് എട്ട് ശതമാനം വോട്ടർമാരും പറയുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രകടനത്തിൽ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സർവേയില്‍ പങ്കെടുത്ത വോട്ടർമാർ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.

പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മോശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോൾ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.