ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പത്രത്തിൽ പരസ്യം കൊടുത്ത ഫോട്ടോയെ ട്രോളി സോഷ്യൽ മീഡിയ . രാഹുൽ ഗാന്ധി അവതരിപ്പിച്ച ന്യായ് പദ്ധതിയുടെ പ്രചരണാർഥം പത്രത്തിൽ നൽകിയ പരസ്യത്തിനെതിരെയാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറയുന്നത്. രാഹുൽ ഗാന്ധി ഒരു വൃദ്ധയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയാണ് ട്രോളിന് ഇരയാകുന്നത്.
രാഹുൽ ഗാന്ധി ഒരു വൃദ്ധയെ ആലിംഗനം ചെയ്യ്ത് ആശ്വസിപ്പിക്കുന്ന ചിത്രമാണ് വെെറലായിക്കൊണ്ടിരുന്നത്. എന്നാൽ ചിത്രത്തിൽ അബദ്ധം പിണഞ്ഞെന്നും ആ സ്ത്രീക്ക് മുകളിൽ മറ്റൊരാളുടെ വിരലുകൾ ഉണ്ടായിരുന്നെന്നും വ്യക്തമാകുന്നു. ഇതിനെതിരെ എതിർ പാർട്ടികളിലെ നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്താണ് അവർ രംഗത്തെത്തിയിക്കുന്നത്.
ഫോട്ടോഷോപ്പൊക്കെ ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ എന്ന തരത്തിലുള്ള നിരവധി ട്രോളുകളാണ് ഈ ചിത്രത്തിനെതിരെ വരുന്നത് ഫോട്ടോഷോപ്പ് ചെയ്യുന്നതന്റെ പ്രശ്നമാണെന്നും വിലയിരുത്തുന്നു. പരസ്യം പ്രസിദ്ധീകരിക്കുന്നതിനായി നല്ലൊരു പി.ആർ ഏജൻസിയെ സമീപിക്കുക എന്ന് പറഞ്ഞാണ് രാഹുലിനെ പരിഹസിച്ച് ബി.ജെ.പി രംഗത്ത് വന്നത്. ആ ഫോട്ടോ തമിഴ്നാട്ടിൽ പ്രളയ സമയത്ത് രാഹുൽ ഗാന്ധി എത്തിയപ്പോൾ എടുത്തതാണെന്നാണ് വിലയിരുത്തുന്നത്.
ന്യായ് പദ്ധതിയുടെ പരസ്യത്തിനായി ചിത്രം എഡിറ്റ് ചെയ്തപ്പോൾ രാഹുൽ ഗാന്ധിയുടെ അടുത്തുണ്ടായിരുന്ന നേതാവിന്റെ ചിത്രം മായ്ച്ച് കളയാൻ വിട്ടുപോയതാണെന്നും വിലയിരുത്തുന്നു. എന്തായാലും ഫോട്ടോയിലെ നേതാവിന്റെ വിരലുകൾ രാഹുൽ ഗാന്ധിയെ വിടാതെ പിടിച്ചിരിക്കുകയാണ്.