തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി ആവശ്യമുള്ള 95ശതമാനം ഭൂമിയും സംസ്ഥാനസർക്കാർ കൈമാറി. ശേഷിക്കുന്ന നാലര ഹെക്ടറോളം സ്ഥലത്തെ രണ്ട് വലിയ റിസോർട്ടുകൾ നിർബന്ധമായി ഏറ്റെടുക്കാൻ ഉടൻ ഉത്തരവിറക്കും. തീരത്തോട് ചേർന്നുള്ള രണ്ട് റിസോർട്ടുകളും തീരദേശ നിയന്ത്രണ മേഖലയ്ക്കുള്ളിലാണ്. (സി.ആർ.ഇസഡ്). തീരദേശപരിപാലന നിയമം നിലവിൽ വരുന്നതിന് മുൻപ് നിർമ്മിച്ച ഈ റിസോർട്ടുകൾ ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളുടെ വില നഷ്ടപരിഹാരമായി നൽകാൻ സർക്കാരിന് കഴിയില്ല. റിസോർട്ട് ഉടമകളുമായി ജില്ലാകളക്ടർ പലവട്ടം ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.
അതിനാൽ പ്രത്യേക ഉത്തരവിലൂടെ ഭൂമിവില മാത്രം നഷ്ടപരിഹാരമായി നൽകി റിസോർട്ടുകളും ഭൂമിയും ഏറ്റെടുക്കും. ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണത്തിന് അദാനി ഗ്രൂപ്പുമായുള്ള കരാർ പ്രകാരം സർക്കാർ ഏറ്റെടുക്കാനുള്ളത് ഈ ഭൂമി മാത്രമാണ്. ചർച്ചയിലൂടെ നഷ്ടപരിഹാരം തീരുമാനിച്ച് നിയമക്കുരുക്ക് ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും ധനവകുപ്പ് ശക്തമായി എതിർത്തു. തീരദേശ നിയന്ത്രണ മേഖലയ്ക്കുള്ളിലെ നിർമ്മാണത്തിന് നഷ്ടപരിഹാരം നൽകുന്നത് ചട്ടവിരുദ്ധമാവുമെന്ന് ധനസെക്രട്ടറി നോട്ടെഴുതി. ഇതോടെ, ഭൂമിക്ക് മാത്രം നഷ്ടപരിഹാരം നൽകി റിസോർട്ടുകൾ നിർബന്ധപൂർവം ഏറ്റെടുക്കാനും ഒഴിപ്പിച്ചെടുക്കാനും സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾക്ക് കോടതിയെ സമീപിക്കാൻ അവസരമുണ്ടാവും. കോടതിയുടെ ഉത്തരവു പ്രകാരം അന്തിമ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്.
തുറമുഖനിർമ്മാണത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായി നേരത്തേ 82.1404 ഹെക്ടർ ഭൂമി തുറമുഖ പദ്ധതിപ്രദേശത്ത് സർക്കാർ ഏറ്റെടുത്ത് നേരത്തേ കൈമാറിയിരുന്നു. തീരപ്രദേശത്തു നിന്ന് മാറി അടുത്തിടെ ഏറ്റെടുത്ത 4.1405ഹെക്ടർ ഭൂമിയാണ് ഇന്നലെ കൈമാറിയത്. തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങളൊരുക്കാൻ ഈ ഭൂമി പാട്ടത്തിനു നൽകാൻ വരെ അദാനിക്ക് കഴിയും. വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകൾ പ്രകാരം ഈ ഭൂമിയിൽ അദാനിക്ക് ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കേണ്ടതുണ്ട്. ഇതുപ്രകാരമുള്ള ഉത്തരവ് തുറമുഖവകുപ്പ് ഇന്നലെ പുറത്തിറക്കി. ഇതോടെ തുറമുഖ നിർമ്മാണത്തിന് ഏറ്റെടുത്ത് കൈമാറേണ്ട 95ശതമാനം ഭൂമിയും സർക്കാർ കൈമാറിക്കഴിഞ്ഞു. സർക്കാർ അനുമതിയോടെ ഈ ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനും വിഴിഞ്ഞം തുറമുഖ കമ്പനിക്ക് കഴിയും.
വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് സീ ഫുഡ് പാർക്ക് നിർമ്മാണത്തിന് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. പാർക്കിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കാൻ ട്രാൻസാക്ഷൻ അഡ്വൈസർ കം കൺസൾട്ടന്റിനെയും പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെയും നിയമിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ച് വരുന്ന മത്സ്യബന്ധന തുറമുഖത്തിന്റെ ഭാഗമായാവും സീ ഫുഡ് പാർക്ക് നിർമ്മിക്കുക. മത്സ്യബന്ധന തുറമുഖത്തിന് സമീപത്തായി 25 ഏക്കർ സ്ഥലമാണ് സീ ഫുഡ് പാർക്കിനായി വിഴിഞ്ഞം തുറമുഖ കമ്പനി നീക്കിവച്ചിട്ടുള്ളത്.
വൈകിയാൽ പിഴ കൊടുത്ത് മുടിയും
തുറമുഖത്തിനായുള്ള ഭൂമിയേറ്റെടുക്കൽ വൈകിയാൽ കരാർ പ്രകാരം സർക്കാർ അദാനിക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
വൈകുന്ന ഓരോ ദിവസത്തിനും ഒരേക്കറിന് 8050രൂപയാണ് നഷ്ടപരിഹാരം. 2017മേയിൽ മുഴുവൻ ഭൂമിയും കൈമാറണമെന്നായിരുന്നു വ്യവസ്ഥ. തർക്കം കാരണം ഏറെ വൈകിയാണ് ഇത്രയെങ്കിലും ഭൂമിയേറ്റെടുക്കാനായത്. പദ്ധതി അട്ടിമറിക്കാൻ നേരത്തേ റിസോർട്ട് ലോബി ശ്രമിച്ചിരുന്നു.
അദാനി തേടുന്നത് 9 മാസം
തുറമുഖനിർമ്മാണത്തിന് 9മാസത്തെ സാവകാശമാണ് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കരാർ പ്രകാരം 2019ഡിസംബറിലാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. തുറമുഖനിർമ്മാണത്തിന് പാറ ലഭിക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി അദാനി പോർട്സ് സി.ഇ.ഒ കരൺഅദാനി മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സർക്കാർ തീരുമാനമെടുക്കും.