തിരുവനന്തപുരം: മാലിന്യത്തിൽ മുങ്ങി നാശത്തിലേക്ക് ഒഴുകുന്ന കരമനയാറിനെ സംരക്ഷിക്കാൻ പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കരമനയാറിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ച് ചേർത്തിരുന്നു. ഒപ്പം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാനതല കമ്മിറ്റിയും നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം നൽകിയിരിക്കുന്നത്. കരമനയാർ പലയിടങ്ങളിലും അതിഭയങ്കരമായി മലിനപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡും കണ്ടെത്തിയിരുന്നു.
പരിഹാരമില്ലാതെ ഡ്രെയിനേജ് പ്രശ്നം
കരമനയാറിനെ മലിനമാക്കുന്ന പ്രധാന പ്രശ്നം കക്കൂസ് മാലിന്യങ്ങളാണ്. പലയിടത്തും ഫ്ളാറ്റുകളിൽ നിന്നും വീടുകളിൽ നിന്നും കക്കൂസ് മാലിന്യം ആറ്റിലേക്ക് നേരിട്ട് ഒഴുക്കി വിടുന്നതായി പരാതിയുണ്ട്. കക്കൂസ് മാലിന്യങ്ങൾ ആറിലേക്ക് ഒഴുക്കുന്നവരെ കണ്ടെത്തി നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഡ്രെയിനേജ് സംവിധാനമൊരുക്കാതെയാണ് നഗരസഭയുടെ നോട്ടീസ് നൽകിയിട്ടുള്ളതെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. ഓരോ വാർഡിലും അല്ലെങ്കിൽ രണ്ട് വാർഡുകൾ ഒരുമിച്ചുള്ള ഡ്രെയിനേജ് സംവിധാനം ഒരുക്കിയാൽ മാത്രമേ കക്കൂസ് മാലിന്യങ്ങൾ നദിയിലേക്കെത്തുന്നത് പ്രായോഗികമായി തടയാൻ കഴിയൂ.
നഗരത്തിൽ കരമന, ആറ്റുകാൽ, നേമം മേഖലയിലുൾപ്പെടെ പല വാർഡുകളിലും ഡ്രെയിനേജ് സംവിധാനമായിട്ടില്ല. കിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങളുടെ പണി പൂർത്തിയായാൽ മാത്രമേ നദിയിലേക്ക് കക്കൂസ് മാലിന്യങ്ങളെത്തുന്നത് തടയാനാകൂ. ഡ്രെയിനേജ് മാലിന്യങ്ങളെ പൈപ്പ് ലൈൻ വഴി മുട്ടത്തറയിലെത്തിച്ച് കരമനയാറിനെയും കിള്ളിയാറിനെയും സംരക്ഷിക്കാൻ പദ്ധതിയുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെയും വകുപ്പുകളുടെയും മെല്ലെപ്പോക്ക് കാരണം ഇതുവരെ നടപ്പിലായിട്ടില്ല. നിലവിലുള്ള ഡ്രെയിനേജിന്റെ പല പമ്പിംഗ് സ്റ്റേഷനുകളിലും കാര്യക്ഷമമായ പ്രവർത്തനമില്ലെന്നും പരാതിയുണ്ട്.
പഴിചാരി പാളിപ്പോയ പദ്ധതികൾകരമനയാറിനെ സംരക്ഷിക്കാൻ നഗരസഭയും ജില്ലാ ഭരണകൂടവും സർക്കാരും അടക്കം ഒട്ടേറെ പദ്ധതികൾ തയ്യാറാക്കിയിട്ടും ആറിനെ തെളിയിക്കാൻ ആറ് തെളിഞ്ഞില്ലെന്നതാണ് സത്യം.സർക്കാർ ഇടപെടലുകളോടൊപ്പം ജനങ്ങൾക്ക് ജലസാക്ഷരത കൂടി കൊടുത്താലേ കരമനയാറിനെ സംരക്ഷിക്കുക എന്ന ദൗത്യം പൂർണമാകൂ. അതിനാൽ തന്നെ ജനപങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയെങ്കിലും പാതിവഴിയിൽ അവസാനിച്ചു. മേയറും കൗൺസിലർമാരുമൊക്കെ ചേർന്ന് റിപ്പോർട്ട് തയ്യാറാക്കാൻ വിദഗ്ദ്ധ സമിതിയും രൂപവത്കരിച്ചു. എന്നാൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല.
2013ൽ പ്രഖ്യാപിച്ച പദ്ധതിയായ കിള്ളിയാറിന്റെ തീരത്ത് നിരീക്ഷണ കാമറകൾ, മരുതൻകുഴിയിൽ തടയണയും ബലിക്കടവും നടപ്പാലവും, നഗരഭാഗത്ത് എല്ലാ പാലങ്ങളിലും ഉയരമുള്ള വേലി തുടങ്ങിയ പദ്ധതികളും വിവിധ ഏജൻസികളുടെ പഠനവും നടന്നുവരുന്നതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ മെച്ചമൊന്നും കരമനയാറിൽ കാണില്ലെന്നതാണ് സത്യം. ആയിരങ്ങളുടെ കുടിവെള്ളമാണ്അഗസ്ത്യാർ കൂടത്തിൽ ഉത്ഭവിച്ച് 65 കിലോമീറ്ററിൽ ഒഴുകി അറബിക്കടലിൽ പതിക്കുന്ന കരമനയാർ വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്രയമാണ്. വീടുകളിൽ വെള്ളത്തിന് ക്ഷാമം നേരിടുമ്പോൾ കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും കരമന നദിയുടെ കുളിക്കടവുകളെയാണ് നദീതീരത്തെ ജനങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ പലഭാഗത്തേയും കുളിക്കടവുകൾ ശോചനീയാവസ്ഥയിലാണ്. നദി കടന്നുപോകുന്ന പഞ്ചായത്തുകളും നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ നഗരസഭയും കുളിക്കടവുകൾ ശുചീകരിക്കണം.