തിരുവനന്തപുരം: മുന്നൂറ് മെഴുകുതിരികൾ തെളിച്ച് പ്രിയ സഹോദരന് ആദരമർപ്പിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാട് ആസ്ഥാനത്ത് നൂറോളം കുരുന്നുകൾ ഒത്തുകൂടി. 'ഞങ്ങൾ കുട്ടികളാണ്: ഞങ്ങളെ സ്നേഹിക്കൂ "എന്ന് ഉറക്കെ പറഞ്ഞ് ഒത്തുകൂടിയ കുട്ടികൾ മുതിർന്നവർക്ക് നീറുന്ന അനുഭവമായി മാറി. തൊടുപുഴയിൽ മരണമടഞ്ഞ ഏഴുവയസുകാരന് ആദരമർപ്പിച്ച് സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി തൈക്കാട് സമിതി ആസ്ഥാനത്ത് പ്രത്യേകം തയ്യാറാക്കിയ മാജിക് പാർക്കിൽ 'കിളിക്കൂട്ടം' മാനസികോല്ലാസ അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രിയ സഹോദരന് യാത്രാമൊഴി അർപ്പിച്ചത്.
കുട്ടികളുടെ മുൻ പ്രധാനമന്ത്രിയും തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ അപർണയാണ് അനുശോചന സന്ദേശം വായിച്ചത്.
തിരുവനന്തപുരം ഉള്ളൂർ ബാപ്പുജി നഗറിൽ താമസിക്കുന്ന ഓട്ടിസം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട, സാമ്പത്തിക ശേഷി ഇല്ലാത്ത അഷ്ടമി എന്ന പതിന്നാലുകാരിക്ക് സംസ്ഥാന ശിശുക്ഷേമ സമിതിയും തിരുവനന്തപുരം മുരള്യ ഫൗണ്ടേഷനുമായി ചേർന്ന് നൽകുന്ന ധനസഹായം ചടങ്ങിൽ വച്ച് മന്ത്രി കൈമാറി. ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ദീപക് .എസ്.പി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ ജി. രാധാകൃഷ്ണൻ സ്വാഗതവും തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ ജി.എൽ. അരുൺഗോപി നന്ദിയും പറഞ്ഞു. മുരള്യാ ഫൗണ്ടേഷൻ പ്രതിനിധികളായ എം.എം.അയ്യർ, പ്ലിൻസ് പ്രസാദ് എന്നിവരും സംബന്ധിച്ചു. മേയ് 20 വരെ നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പിൽ നിരവധി വിശിഷ്ട വ്യക്തികൾ കുട്ടികളുമായി സംവദിക്കാനെത്തും.