തിരുവനന്തപുരം: വേനൽ ചൂടിൽ ഉരുകുന്നവരുടെ ദാഹമകറ്റാൻ റോഡരികിൽ തണ്ണിമത്തൻ കച്ചവടം സജീവമായിക്കഴിഞ്ഞു. ചൂട് കൂടിയതോടെ വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ തണ്ണിമത്തന്റെ വില്പന റെക്കാഡിലേക്ക് കടന്നു. കേരളത്തിൽ എത്തുന്ന തണ്ണിമത്തനിൽ ഏറിയ പങ്കും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. കർണാടകയിൽ നിന്നുള്ള തണ്ണിമത്തനെക്കാൾ വ്യാപാരികൾക്ക് കൂടുതൽ താത്പര്യം തമിഴ്നാട്ടിൽ നിന്നുള്ളവയ്ക്കാണ്. ഇവ പെട്ടെന്ന് അഴുകിപോകില്ല എന്നതാണ് ഈ പ്രിയത്തിനു കാരണം. കാസർകോട് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ മറ്റിടങ്ങളിൽ ഇവയുടെ കൃഷി അപൂർവമായി മാത്രമേ കാണാറുള്ളു.
കഴിഞ്ഞ സീസണിൽ വ്യാപകമായ മഴയുണ്ടായിരുന്നതിനാൽ കേരളത്തിലേക്കുള്ള തണ്ണിമത്തൻ വരവ് കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഇത്തവണ ചൂട് കൂടിയതോടെ വില്പനയിൽ കാര്യമായ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ചില്ലറ വില്പനയ്ക്ക് കിലോയ്ക്ക് 20 രൂപയും മൊത്തവ്യാപാരത്തിന് 15 രൂപയുമാണ് തലസ്ഥാനത്തെ വ്യാപാരികൾ ഈടാക്കുന്നത്. സാമാന്യ വലിപ്പമുള്ള ഒരു തണ്ണിമത്തൻ ഏകദേശം ആറു കിലോഗ്രാം തൂക്കം വരും. തണ്ണിമത്തൻ ജ്യൂസിനും ഇപ്പോൾ നല്ല ഡിമാൻഡുണ്ട്. ഒരു ഗ്ളാസിന് 10 രൂപയാണ് വില. കടുത്ത പച്ചനിറമുള്ള ചെറിയ തണ്ണിമത്തൻ ഇനവും വില്പനയ്ക്കുണ്ട്. ഇതിന് കിലോയ്ക്ക് 25 രൂപയാണ് വില. ഈ സീസൺ മുതൽ മഞ്ഞ നിറമുള്ള മറ്റൊരിനം തണ്ണിമത്തനും വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇവയ്ക്ക് കിലോയ്ക്ക് 30 രൂപയാണ് വില .
ആരോഗ്യത്തിനും നല്ലത്
വെള്ളരി വർഗ വിളയായ തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയാണ്. വിളഞ്ഞ തണ്ണിമത്തന്റെ ഉള്ളിലുള്ള മാംസളമായ ഭാഗമാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. മറ്റു വെള്ളരിവർഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്.
ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സഹായിക്കുകയും കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്ന ധാരാളം ആന്റിഓക്സിഡന്റുകളും ഇവയിലുണ്ട്. വൈറ്റമിൻ ബി 1, ബി 6 എന്നിവ ശരീരത്തിന് ഊർജം നൽകാൻ സഹായിക്കും. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുകയും ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും സഹായിക്കും. ഫോളിക് ആസിഡ് ചർമത്തിനും മുടിക്കും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക്, അയഡിൻ എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണകരമാണ്. ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാവുന്ന ഒരു മധുരം കൂടിയാണിത്.