മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യർ വീണ്ടും അവതരിക്കുന്നു. ഏറെക്കാലമായി ചർച്ചകളിലും വാർത്തകളിലും നിറഞ്ഞുനിന്ന സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന് കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി പൂർണ സമ്മതം മൂളിയത്.
ആതിരപ്പിള്ളിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റിൽ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിയും മമ്മൂട്ടിയെ ചെന്ന് കണ്ടിരുന്നു. സ്വർഗചിത്ര അപ്പച്ചനിൽ നിന്ന് അഡ്വാൻസ് കൈപ്പറ്റിയ മമ്മൂട്ടി ഡേറ്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. തലമുറകളെ ത്രസിപ്പിച്ച ശ്യാമിന്റെ സി.ബി.ഐ തീം മ്യൂസിക്ക് തന്നെയാകും അഞ്ചാം ഭാഗത്തിലും. പുതുതലമുറയിലെ സാങ്കേതിക പ്രവർത്തകരാകും ചിത്രത്തിന്റെ പിന്നണിയിൽ.
മുകേഷ് ഉൾപ്പെടെയുള്ള പതിവ് താരങ്ങൾ അഞ്ചാം ഭാഗത്തിലുണ്ടാകില്ല. രൺജി പണിക്കർ, സായികുമാർ തുടങ്ങിയവർ താരനിരയിലുണ്ട്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ കഥ നടക്കുന്നത്. അതിനാൽ ചിത്രത്തിനായി ഒരുപാട് പ്രീ ഷൂട്ട് വർക്കുകൾ ഉണ്ടാവുമെന്ന് എസ്.എൻ. സ്വാമി പറഞ്ഞു.
ചിത്രത്തിന്റെ പേരുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ വിഷുവിന് ശേഷം പ്രഖ്യാപിക്കാനാണ് തീരുമാനം.ഒരേ നായകനും സംവിധായകനും തിരക്കഥാകൃത്തും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി ഒന്നിക്കുന്നത് മലയാളത്തിലാദ്യമായാണ്.
2004- ൽ മമ്മൂട്ടി നായകനായ വേഷമാണ് സ്വർഗചിത്ര മലയാളത്തിൽ ഒടുവിൽ നിർമ്മിച്ച ചിത്രം. 2007-ൽ വിജയ് നായകനായ അഴകിയ തമിഴ് മകൻ നിർമ്മിച്ച സ്വർഗചിത്ര അപ്പച്ചൻ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ച് വരുന്നത്.
മാമാങ്കം പൂർത്തിയാക്കിയശേഷം രമേഷ് പിഷാരടിയുടെ ഗാനഗന്ധർവൻ, ഹനീഫ് അദേനിയുടെ രചനയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം, അജയ് വാസുദേവ് ചിത്രം, അമൽ നീരദിന്റെ ബിലാൽ എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന ചിത്രങ്ങൾ.