തിരുവനന്തപുരം : നഗരമദ്ധ്യത്തിൽ ഒരു പ്രദേശത്തിന്റെ അലങ്കാരമായ ക്ഷേത്രക്കുളം അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ജില്ലയിലെ വലിയ ക്ഷേത്രങ്ങളിലൊന്നായ അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കുളമാണ് ദിനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. 45 സെന്റ് വിസ്തീർണമുള്ള കുളം അഞ്ച് വർഷത്തോളമായി പായൽ പടർന്ന് കയറിയ സ്ഥിതിയിലാണ്. ചുറ്റുമതിലെല്ലാം ഇടിഞ്ഞ് കുളത്തിലേക്ക് വീണു. പൂജാരിമാർക്ക് പോലും കുളിക്കാൻ കഴിയാത്ത നിലയിലായതോടെ ക്ഷേത്ര ഉപദേശകസമിതി കുളം നവീകരിക്കാൻ അധികാരികളുടെ വാതിലിൽ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. 30അടിയോളം ആഴമുള്ള കുളത്തിൽ കൊതുകുകൾ പെരുകിയതോടെ പ്രദേശത്തെ ജനങ്ങളും പ്രതിഷേധത്തിലാണ്.
കുളം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ആദ്യം ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഉപദേശകസമിതി അംഗങ്ങളുടെ ആവശ്യപ്രകാരം സ്ഥലം എം.എൽ.എ കെ. മുരളീധരൻ 2018ൽ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ കുളത്തിന്റെ നവീകരണത്തിനായി അനുവദിച്ചു. എന്നാൽ കുളത്തിന്റെ നവീകരണത്തിന് പണം അനുവദിക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ തടസവാദം ഉന്നയിച്ചതോടെ നടപടികൾ നിലച്ചു. തുടർന്ന് എം.എൽ.എ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. കുളം നവീകരണം സംബന്ധിച്ച അപേക്ഷ ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു ഉപദേശക സമിതി അംഗങ്ങൾക്ക് മാസങ്ങൾക്ക് മുമ്പ് ലഭിച്ച മറുപടി. എന്നാൽ ഇതു സംബന്ധിച്ച് ദേവസ്വം ബോർഡ് അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ഉപദേശക സമിതി അംഗങ്ങൾ പറയുന്നു.
കേന്ദ്ര പദ്ധതിയിലും ഉൾപ്പെടുത്താനായില്ല
കുളങ്ങളും തണ്ണീർ തടങ്ങളും സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയിലേക്ക് പേരൂർ ക്ഷേത്രക്കുളത്തെ ഉൾപ്പെടുത്താൻ ഉപദേശക സമിതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ നിസഹകരണമാണ് പ്രതിസന്ധിയായത്.
ഹരിത കേരളം മിഷന്റെ ഇടപെടൽ വേണം
45 സെന്റ് വിസ്തീർണമുള്ള ജില്ലയിലെ പുരാതനമായ കുളം സംരക്ഷിക്കാൻ ഹരിതകേരളം മിഷന്റെ ഇടപെടൽ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. തലസ്ഥാന ജില്ലയിലെ വലിയ ജലസ്രോതസുകളിലൊന്നായ കുളം കണ്ടില്ലെന്ന് നടിക്കരുതെന്നും നാട്ടുകാർ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ദേവസ്വം ബോർഡിന് കർശന നിർദേശം നൽകിയെങ്കിൽ മാത്രമേ കുളത്തിന് ശാപമോക്ഷം ഉണ്ടാകൂ. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഒരു പ്രദേശത്തിന്റെ പൈതൃകമുൾക്കൊള്ളുന്ന കുളം എന്നന്നേക്കുമായി ഇല്ലാതാകും.
- എം.കെ.ദേവരാജ് ( ഉപദേശക സമിതി സെക്രട്ടറി)
ഫണ്ടിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഉപദേശകസമിതി വഴി എം.എൽ.എക്ക് കൈമാറിയിട്ടുണ്ട്. ഫണ്ട് ലഭിച്ചാലുടൻ നവീകരണം ആരംഭിക്കും.
- മധു
അസിസ്റ്റന്റ് എൻജിനിയർ, (ദേവസ്വം ബോർഡ് ഉള്ളൂർ സബ് ഗ്രൂപ്പ്)