മാൻ ഹോൾ എന്ന ചിത്രത്തിന് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സ്റ്റാൻഡ് അപ്പ് എന്ന് പേരിട്ടു. നിമിഷ സജയനാണ് നായിക. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത സ്റ്റാൻഡ് അപ്പ് കോമഡി എന്ന സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന കഥാപാത്രമായിട്ടാണ് നിമിഷ ചിത്രത്തിലെത്തുന്നത്.
സ്വന്തം ജീവിതത്തിലെ ദുഃഖങ്ങളെയും സന്തോഷങ്ങളെയും കോമഡിയായി കാണികളിലേക്ക് എത്തിക്കുന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നതെന്ന് വിധു വിൻസെന്റ് സിറ്റി കൗമുദിയോട് പറഞ്ഞു.ഒരു പ്രമുഖ യുവനായികയും ചിത്രത്തിലുണ്ട്. വാണിജ്യ സിനിമയുടെ മേമ്പൊടിയിൽ അണിയിച്ചൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിൽക്കൺ മീഡിയ ആണ് . ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളവും കോഴിക്കോടുമാണ് . നവാഗതനായ ടോബിൻ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മാൻ ഹോളിന്റെ തിരക്കഥാകൃത്തായ ഉമേഷ് ഓമനകുട്ടന്റേതാണ് തിരക്കഥ.