സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ചെന്നൈയിൽ തുടങ്ങി.
മികച്ച ഇംഗ്ളീഷ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിത്ര് മൈ ഫ്രണ്ടിന്റെ തിരക്കഥാകൃത്തായ സുധാ കൊങ്ങാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ നായകനായ ഇരുതിസുട്ര് എന്ന ചിത്രത്തിന്റെ സംവിധായികയാണ് സുധ. സൂര്യയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ അപർണാ ബാലമുരളിയാണ് നായിക.
ഇതിനുമപ്പുറം ഒരു ഭാഗ്യം തന്നെ തേടിവരാനില്ലെന്നാണ് സൂര്യയുടെ നായികയാകുന്നതിനെപ്പറ്റി അപർണാ ബാലമുരളി പ്രതികരിച്ചത്.ആദ്യ ദിവസം മുതൽ തന്നെ അപർണ സൂര്യ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങി. ഏപ്രിൽ പതിമൂന്ന് വരെ ചെന്നൈയിലാണ് ചിത്രീകരണം നടക്കുക. തുടർന്ന് മധുരയിലേക്ക് ഷിഫ്ട് ചെയ്യും.
സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും സിഖിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഗയും രാജ്ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്.