തിരുവനന്തപുരം: 'കിടക്കാൻ ശീതീകരിച്ച ഹോട്ടൽ മുറിയോ കിടക്കയോ പരിചാരകരോ വേണ്ട, ഏതെങ്കിലും വീടിന്റെ വരാന്ത മതി. അതും കിട്ടിയില്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം ഞാൻ തല ചായ്ക്കും". കഴിഞ്ഞ 9 മാസവും 11 ദിവസവും മിസോറാം ഗവർണറായി ഐസ്വാളിലെ രാജ്ഭവനിൽ കരിമ്പൂച്ചകളുടെ ഇസെഡ് പ്ലസ് സുരക്ഷയ്ക്ക് നടുവിൽ നിന്ന് കേരളത്തിലെ പൊരിവെയിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടി വന്നതിൽ കുമ്മനം രാജശേഖരന് തെല്ലും ബുദ്ധിമുട്ടില്ല. ഗവർണറായപ്പോൾ എല്ലാവരോടും സംസാരിക്കാൻ കഴിയില്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, മുഴുവൻ സമയവും ജനങ്ങൾക്കിടയിലാണ്. ഇതാണ് എനിക്ക് ഇഷ്ടവും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പ്രചാരണത്തിന് ഇറങ്ങുംമുമ്പ് കേരളകൗമുദിയോട് മനസ് തുറന്നു. പതിവ് പോലെ കൃത്യം 5ന് എഴുന്നേറ്റു. കുളി കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്ത് ഇറങ്ങും മുമ്പ് അല്പനേരം യോഗയും ധ്യാനവും. തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച് ചന്ദനക്കുറിയും തൊട്ട് മുറിക്ക് പുറത്തിറങ്ങിയ കുമ്മനം നേരേ സ്വീകരണ മുറിയിലേക്ക്. പ്രചാരണ തിരക്കുകളിൽ ദിവസവും രാത്രി വൈകുംവരെ അലിഞ്ഞു ചേരുന്നത് ഇഷ്ടം തന്നെ.
പക്ഷേ വർഷങ്ങളായുള്ള പ്രഭാതസവാരി ഇപ്പോൾ ഇല്ലാതായി. രാവിലെ പ്രചാരണത്തിന് ഇറങ്ങാൻ പ്രവർത്തകർ കാത്തുനിൽക്കാറുള്ളതിനാലാണ് നടത്തം ഒഴിവാക്കിയത്. വായനയിലും കുറവ് വന്നു. രാവിലെ തിരക്കിട്ട് പത്രങ്ങൾ ഒാടിച്ച് വായിക്കും. ബാക്കി വായന വാഹനത്തിലിരുന്ന്. ദിവസേന ക്ഷേത്ര ദർശനം പതിവില്ല. തനി വെജിറ്റേറിയനായ കുമ്മനത്തിന് ഏറെ ഇഷ്ടം കരിക്കിൻവെള്ളവും പഴങ്ങളുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലും അത് നിർബന്ധമാണ്. ഇപ്പോൾ പ്രഭാതഭക്ഷണം ഓരോ പ്രചാരണ സ്ഥലങ്ങളിലും പ്രവർത്തകരുടെ വീട്ടിലായിരിക്കും. ഉച്ചയ്ക്കും രാത്രിയും അങ്ങനെ തന്നെ. പ്രചാരണം അവസാനിക്കുന്നിടത്ത് ഏതെങ്കിലും പ്രവർത്തകന്റെ വീട്ടിൽ കിടന്നുറങ്ങും. പിറ്റേന്ന് വെളുപ്പിന് കുളിച്ചൊരുങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക്. ' പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഇല്ലാത്ത എന്നെ പോലുള്ളവർ ആർക്കും ഒരു ബുദ്ധിമുട്ട് ആവില്ലല്ലോ - കുമ്മനം പറഞ്ഞു. പാർലമെന്റിലേക്കുള്ള കന്നിയങ്കത്തിൽ വിജയം തനിക്കൊപ്പമായിരിക്കുമെന്ന് കുമ്മനം ഉറപ്പിക്കുന്നു. അതിന് വ്യക്തമായ കാരണവും ഉണ്ട്. 'സ്വന്തം കാര്യം നോക്കാൻ വേണ്ടിയല്ല ഞാൻ പൊതുപ്രവർത്തനം നടത്തുന്നത്. എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല. ഗവർണറായിരുന്നപ്പോൾ പ്രതിമാസം ലഭിച്ച മൂന്ന് ലക്ഷത്തിലേറെ വരുന്ന ശമ്പളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി. ഉപഹാരമായി കിട്ടിയ പുസ്തകങ്ങൾ പല ലൈബ്രറികൾക്കായും നൽകി. ഒടുവിൽ കൈയിൽ അവശേഷിച്ചത് 512 രൂപ മാത്രം. അതും ഇപ്പോൾ തീർന്നു. സ്വന്തമായി ഒരു ഷർട്ട് പോലും വാങ്ങാറില്ല. ആരെങ്കിലും തരുന്ന തുണികൾ തയ്ച്ച് ഇടും. ഏഴ് സഹോദരങ്ങളുണ്ടെങ്കിലും ആരെയും അങ്ങനെ കാണാറില്ല. ഗവർണർ പദവി ഒഴിഞ്ഞ ശേഷം കോട്ടയത്തെ തറവാട്ടിൽ പോയി. അവിടെ അവിവാഹിതനായ അനുജൻ കുമ്മനം രവീന്ദ്രൻ മാത്രമാണ് താമസം. വിശേഷങ്ങൾ പറയുന്നതിനിടെ സ്വീകരണമുറിക്ക് പുറത്ത് സന്ദർശകരുടെ എണ്ണം വർദ്ധിച്ചു. പുരികങ്ങൾ ഇറുക്കി, നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വാഗതം ചെയ്തു. അല്പനേരം പ്രവർത്തകരുമായി കുശലവും ചർച്ചയും. ഏഴോടെ താമര ചിഹ്നമുള്ള കൊടിവച്ച കാർ കാര്യാലയത്തിന് മുന്നിലെത്തി. കൈകൂപ്പി നിറപുഞ്ചിരിയോടെ കുമ്മനം നേരെ പാറശാലയിലേക്ക് തിരിച്ചു.
പൊന്നാടകൾക്ക് അവകാശികൾ വേറെയുണ്ട് !
പ്രചാരണത്തിനിടെ ദിവസേന നൂറുകണക്കിന് പൊന്നാടകളും ഷാളുകളുമാണ് ലഭിക്കുന്നത്. കിട്ടുന്നതെല്ലാം കൃത്യമായി മടക്കി സൂക്ഷിക്കാൻ ഒപ്പമുള്ളവരോട് കുമ്മനം പറഞ്ഞിട്ടുണ്ട്. പൊന്നാടകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതിയാൽ തെറ്റി. സ്വന്തമായി വസ്ത്രം വാങ്ങാൻ കഴിയാതെ വൃദ്ധസദനങ്ങളിൽ കഴിയുന്ന പ്രായമായവർക്ക് നൽകാനാണ് ഇവ ശേഖരിക്കുന്നത്. കാറിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലുമാണ് ഇതെല്ലാം സൂക്ഷിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ പൊന്നാടകളും ഷാളുകളും അതിന്റെ യഥാർത്ഥ അവകാശികൾക്ക് എത്തിക്കുമെന്ന് കുമ്മനം പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനാണ് എനിക്ക് ഇഷ്ടം. എവിടെപ്പോയാലും കൈയിൽ ഒരു ബാഗ് മാത്രമാണ് എനിക്കുള്ളത്. മിസോറാമിൽ പോയപ്പോഴും മടങ്ങിവന്നപ്പോഴും അങ്ങനെ തന്നെ. എനിക്ക് ആവശ്യമായതെല്ലാം അതിനുള്ളിൽ ഉണ്ട്. അതിൽ കൂടുതല്ലൊന്നും വേണ്ട. ജനങ്ങൾക്ക് ആവശ്യമുള്ള കാലം വരെ അവരോടൊപ്പം കാണും. അത് കഴിഞ്ഞാൽ വിശ്വഹിന്ദ് പരിഷത്ത് സെക്രട്ടറിയായിരിക്കെ സ്ഥാപിച്ച ബാലാശ്രമങ്ങളിലേക്ക് പോകും.