gdp

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷവും (201920) ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നിക്ഷേപ വളർച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തിൽ ഈവർഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ക്രൂഡോയിൽ വില കുറഞ്ഞു നിൽക്കുന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച സാമ്പത്തിക വർഷം (201819) പ്രതീക്ഷിക്കുന്ന വളർച്ച 7.2 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ജി.ഡി.പി മികച്ച ഉണർവ് നേടുമെന്നാണ്. വ്യാവസായിക വളർച്ച 7.9 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. കാർഷിക മേഖല നാല് ശതമാനവും വളർന്നു. ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യൻ ജി.ഡി.പിയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുക. ഭീഷണിയുടെ ഭാവം വെടിഞ്ഞ നാണയപ്പെരുപ്പം, പലിശയിളവിന്റെ പാതയിലേക്ക് തിരിഞ്ഞ റിസർവ് ബാങ്കിന്റെ നിലപാട് എന്നിവയും ഇന്ത്യയ്ക്ക് കരുത്താകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

നേരത്തേ, ഇന്ത്യ നടപ്പുവർഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു. 7.2 ശതമാനം വളർയോടെ ഇന്ത്യ അതിവേഗം വളരുന്ന ഏറ്രവും വലിയ സമ്പദ്വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തുമെന്ന് ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി) അഭിപ്രായപ്പെട്ടിരുന്നു.


പാകിസ്താന്റെ ജി.ഡി.പി മാലിദ്വീപിനേക്കാളും പിന്നിൽ

കുഞ്ഞൻ രാജ്യമായ മാലിദ്വീപിനേക്കാളും പിന്നിലേക്ക് നടപ്പുവർഷം പാകിസ്താന്റെ ജി.ഡി.പി ഇടിയുമെന്ന് യു.എന്നും ലോകബാങ്കും വ്യക്തമാക്കി. പാകിസ്താന്റെ ജി.ഡി.പി 4.2 ശതമാനമായിരിക്കുമെന്ന് യു.എൻ വിലയിരുത്തുന്നു. വളർച്ച വെറും 2.7 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. അതേസമയം, ഇന്ത്യ 7.5 ശതമാനവും ബംഗ്ലാദേശ് 7.2 ശതമാനവും വളരും. മാലിദ്വീപും നേപ്പാളും 6.5 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.