accident

കൊച്ചി: എറണാകുളം നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. റോഡരികിൽ നിറുത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ ജോൺ, ക്ലീനർ വർഗീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയിൽ നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിറുത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചത്. അപകടത്തിൽപ്പെട്ടവരെ ഒന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.

കടവന്ത്ര അഗ്നിശമന സേന യൂണിറ്റും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ലോറി റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൊച്ചിയിലുണ്ടായ മറ്റൊരു അപകടത്തിൽ മദ്ധ്യവയസ്‌കനായ വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി പി.കെ രമേശനാണ് മരിച്ചത്.

മലപ്പുറത്ത് വാഹനാപകടം: ഒരാൾ മരിച്ചു

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് പനങ്ങാങ്ങരയിൽ കാർ നിയന്ത്രണം വിട്ട് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. അരക്കുപറമ്പ് മാട്ടറ ഹംസക്കുട്ടിയുടെ മകൾ ഹർഷീന (17) ആണ് ഇന്നുരാവിലെ മരിച്ചത്. ഹംസകുട്ടിയും മകൻ എട്ടു വയസുകാരൻ ബാദുഷയും ഇന്നലെ മരിച്ചിരുന്നു. ഹംസക്കുട്ടിയുടെ ഭാര്യയുടെ നില ഗുരുതരമാണ്. കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.