shahsi-tharoor

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂരിന്റെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകരുടെ പൂർണ സഹകരണമില്ലെന്ന് ആക്ഷേപം. പ്രചാരണത്തിൽ നിന്ന് ചിലർ ഒളിച്ചോടുകയാണെന്നും അവർക്കെതിരെ പരാതി നൽകുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ഫേസ്ബുക്കിൽ കുറിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപവുമായി മുതിർന്ന നേതാക്കളും രംഗത്തെത്തിയിരുന്നു.

ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായിട്ടും തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രചാരണപ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരെ പരാതി കൊടുക്കുമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച ഏകമണ്ഡലമായ നേമത്തോട് അതിർത്തി പങ്കിടുന്ന മണക്കാട് കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിഞ്ഞതായി ആക്ഷേപം ഉയർന്നിരുന്നു.

നേതാക്കളുടെയും പ്രവർത്തകരുടേയും ഭാഗത്തെ നിസഹകരണം കെ.പി.സി.സിയിലേയും ഡി.സി.സിയിലേയും മുതിർന്ന നേതാക്കളെ സതീഷ് അറിയിച്ചിട്ടുണ്ട്. അതേസമയം, കനത്തചൂട് കാരണമാണ് പകൽ സമയത്തെ പ്രചാരണങ്ങളിൽ ആളു കുറയുന്നതെന്നും രാവിലെയും വൈകിട്ടും പ്രവർത്തകരുടെ സജീവ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണ ചുമതലയുള്ള നേതാക്കളുടെ മറുപടി.