sabarimala

ന്യൂഡൽഹി: ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും എന്തിനാണ് സർക്കാർ നിയന്ത്രിക്കുന്നതെന്ന് സുപ്രീം കോടതി. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമർശം. മതനിരപേക്ഷരാജ്യത്ത് ക്ഷേത്രഭരണത്തിൽ സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പരാമർശിച്ചപ്പോൾ സുപ്രീം കോടതിയും അത് ശരിവയ്‌ക്കുകയായിരുന്നു.

ശബരിമല ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിയമിക്കുന്നത് സർക്കാരാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. സർക്കാർ നിയമിക്കുന്ന ബോർഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങൾ ഭരിക്കുന്നത്. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്നും അറ്റോർണി ചോദിച്ചു. അറ്റോർണിയുടെ വാദം ശരിയാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കമ്മിഷണറുടെ നിയമനം സുപ്രീം കോടതി പരിശോധിക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ നിയമനം സുപ്രീം കോടതി പരിശോധിക്കും. കമ്മിഷണറെ നിയമിക്കാൻ സർക്കാരിനല്ല മറിച്ച് ബോർഡിനാണ് അധികാരമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് സ്‌റ്റേ. ഇനിയൊരു ഉത്തരവുണ്ടാകും വരെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു.

ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ കാലാവധി ജനുവരിയിൽ അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനത്തിനായി ബോർഡിന് മൂന്നുപേരുടെ പാനൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ പുനപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിലെത്തിയത്. കമ്മിഷണർ നിയമനത്തിനായി അഡീഷണൽ സെക്രട്ടറിയെ നിയോഗിക്കാമെന്നും അല്ലാതെ പാനൽ നൽകാനാകില്ലെന്നുമാണ് സംസ്ഥാനസർക്കാർ വാദിച്ചത്.