വിശാഖപട്ടണം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം പാർട്ടി അനുഭാവിയെ മർദിച്ച് വീണ്ടും വിവാദത്തിലായിരിക്കുകയാണ് നടനും എം.എൽ.എയുമായ നന്ദമുരി ബാലകൃഷ്ണ. പാർട്ടി പ്രവർത്തകനായ യുവാവ് അടുത്തേക്ക് വന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ബാലകൃഷ്ണയുടെ ആക്ഷൻ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയിൽ നടന്ന പ്രചാരണ വേളയിൽ വച്ചായിരുന്നു സംഭവം. സെൽഫിയെടുക്കാനായി യുവാവ് തന്റെ വാഹനവ്യൂഹത്തിനടുത്ത് എത്തിയപ്പോഴായിരുന്നു എം.എൽ.എ പ്രകോപിതനായത്. വാഹനത്തിൽ നിന്ന് ഇറങ്ങിയ ബാലകൃഷ്ണ ഓടിച്ചെന്ന് യുവാവിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഭവം വിവാദമായി മാറി. തിരഞ്ഞെടുപ്പ് സമയത്തുള്ള ബാലകൃഷ്ണയുടെ രോഷപ്രകടനം പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് തെലുങ്ക് ദേശം പാർട്ടി നേതാക്കളുടെ ഇപ്പോഴത്തെ ആശങ്ക. സംഭവം വിവാദമായതോടെ കൂടുതൽ പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് പാർട്ടി ബാലകൃഷ്ണയെ വിലക്കി.
നേരത്തേയും ബാലകൃഷ്ണ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്. മാർച്ച് 29ന് ഒരു ക്യാമറാമാന് നേരെയായിരുന്നു ബാലകൃഷ്ണയുടെ ആക്രമണം. അന്നും ഫോട്ടോയെടുക്കാനായി അടുത്തേക്ക് വന്നതിനായിരുന്നു താരം രോഷാകുലനായത്. കൂടാതെ അദ്ദേഹം ക്യാമറമാന് നേരെ അസഭ്യവാക്കുകൾ പറഞ്ഞതും വാർത്തയായിരുന്നു. ഹിന്ദുപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബാലകൃഷ്ണ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശിൽ ഏപ്രില്‍ 11ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക.
Watch: Nandamuri Balakrishna loses cool, thrashes own supporter during campaign pic.twitter.com/Gz8FKlSwKI
— TOI Andhra Pradesh (@TOI_Andhra) April 8, 2019