തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് നാടെങ്ങും. പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ബി.ജെ.പിയും, കോൺഗ്രസും, സി.പി.എമ്മുമെല്ലാം വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ പുറത്തിറക്കിക്കഴിഞ്ഞു. എന്നാൽ, പറഞ്ഞുവച്ച വാഗ്ദാനങ്ങളിൽ അവർ മറന്നുപോയത് അഥവാ മറച്ചുവച്ച ചിലതുണ്ട്. ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യ അവകാശങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കുമെന്ന പ്രധാന വാഗ്ദാനം മുന്നോട്ടുവച്ച സി.പി.എം നവോത്ഥാനത്തിന്റെ കാര്യം മറന്നു. അതുപോലെ ഹിന്ദുത്വത്തിനും ദേശീയതയ്‌ക്കും ഊന്നൽ നൽകിയ ബി.ജെ.പി പത്രികയിൽ നോട്ടുനിരോധനത്തിന്റെ കാര്യം പാടെ മറച്ചുവച്ചു.
നോട്ട് നിരോധനം മറന്ന ബി.ജെ.പി
രാജ്യത്ത് വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്‌ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി 2016 നവംബർ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിൻവലിക്കാനുത്തരവിട്ടത്. അർദ്ധരാത്രി ടെലിവിഷൻ സംപ്രേഷണത്തിലൂടേയാണ് മോദി ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രചാരത്തിലിരിക്കുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അന്നേ ദിവസം അർദ്ധരാത്രി മുതൽ അസാധുവാകും എന്നതായിരുന്നു ഈ സംപ്രേഷണത്തിന്റെ ഉള്ളടക്കം.
2011 നും 2016നും ഇടയിലുള്ള കാലഘട്ടത്തിൽ അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും നോട്ടുകൾ ഒഴിച്ചുള്ളവയുടെ പ്രചാരം 40ശതമാനം കണ്ടു വർദ്ധിച്ചപ്പോൾ, ഇക്കാലയളവിൽ അഞ്ഞൂറിന്റെ നോട്ടിന്റെ വർദ്ധനവ് 76 ശതമാനവും, ആയിരത്തിന്റെ നോട്ടിന്റേത് 109 ശതമാനവും ആണെന്ന് വിദഗ്ധർ പ്രസ്താവിക്കുകയുണ്ടായി. എന്നാൽ, നോട്ടുകൾ പിൻവലിച്ച നടപടി കനത്ത നഷ്ടമാണ് രാജ്യമെങ്ങും വരുത്തിവച്ചത്. ഒന്നിലധികം തവണ ആളുകൾ 500, 1000 രൂപ നോട്ടുകൾ നൽകി ബാങ്കുകളിൽനിന്നും പണം മാറാൻ തുടങ്ങിയപ്പോൾ നോട്ടുകൾ മാറ്റി വാങ്ങുന്നവരുടെ കൈയിൽ മഷി അടയാളമിടാനും സർക്കാർ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് റിസർവ്വ് ബാങ്ക് പുതിയ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. പണം കിട്ടാതെ ജനങ്ങളും വലയിലായി. കയ്യിലുള്ള അസാധുവാക്കപ്പെട്ട നോട്ടുകൾ കൈമാറ്റം ചെയ്യാൻ ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു. തങ്ങളുടെ കയ്യിലുള്ള പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ ക്യൂവിൽ നിരവധി ആളുകൾ കുഴഞ്ഞു വീണു മരിച്ചു. പാവപ്പെട്ട ചില കർഷകരുടെ മരണത്തിനു പോലും കാരണമായി. എന്നാൽ ഇതൊന്നും ബി.ജെ.പിയുടെ പ്രകടനപത്രികയിലില്ല. പൊള്ളയായ വാഗ്ദാനങ്ങളുടെ കൂമ്പാരങ്ങളാണ് അവർക്കു മുന്നിൽ. അതേസമയം നോട്ട് നിരോധനം പറഞ്ഞ് ബി.ജെ.പി വോട്ടു ചോദിക്കാൻ തുനിയില്ല. അവർക്കതിന് കഴിയുകയുമില്ല.
നവോത്ഥാനവും ഇടതുപക്ഷവും
തിരഞ്ഞെടുപ്പ് പടിക്കലിലെത്തും വരെ ഇടതുപക്ഷം ചർച്ചചെയ്തത് നവോത്ഥാനത്തെ കുറിച്ചായിരുന്നു. 2018 സെപ്തംബർ 28ന് സുപ്രീംകോടതി ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ചു. വിധിയെ ബി.ജെ.പി ശക്തമായി എതിർത്ത് രംഗത്തെത്തി. എന്നാൽ വിഷയത്തിൽ കേരള നവോത്ഥാനത്തെ ചൂണ്ടിക്കാട്ടി കടുത്ത പ്രചാരണമാണ് ഇടതുപക്ഷം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണ പരിപാടികളിൽ നവോത്ഥാനത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിച്ചാണ് ജനുവരി ഒന്നിന് വനിതാമതിൽ ഉയർന്നത്.
അതേസമയം, ഈ നിലപാട് തിരഞ്ഞെടുപ്പ് പത്രികയിൽ കണ്ടില്ല. കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ മുന്നോട്ടു വച്ചത്. ഇതിൽ എൻ.എസ്.എസ് ഒരു ഭാഗത്ത് സമദൂരവും ശരിദൂരവുമായി രംഗത്തുവന്നെങ്കിലും പിന്നീട് ശത്രുപക്ഷമായി. കോടതി വിധിക്കു കാരണം സി.പി.എമ്മും പിണറായി സർക്കാരുമാണെന്ന പ്രചാരണം അഴിച്ചവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ബി.ജെ.പി. വിധിയിൽ ഹൈന്ദവ വികാരം വ്രണപ്പെട്ടുവെന്നും ഇത് ഹിന്ദു ഏകീകരണത്തിനും വഴിതെളിക്കുമെന്നുമാണു സംസ്‌ഥാന നേതൃത്വത്തിന്റണ്ഡ ഭാഗം. മൃതുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസ് വിശ്വാസസംരക്ഷണം, പ്രളയം, രാഹുലിന്റെ വരവ് എന്നിവയാണ് തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കുന്നത്. ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം.