മലപ്പുറം: ഭക്ഷണവും വെള്ളവും നൽകാതെ മൂന്നര വയസുകാരിയെ കൊല്ലാകൊല ചെയ്‌ത് കുടുംബം. തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദനത്തിനിരയായി ഏഴുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ കണ്ണീർ വറ്റും മുമ്പാണ് മലപ്പുറത്തു നിന്നുള്ള ഞെട്ടിക്കുന്ന വിവരം. വെള്ളമോ ഭക്ഷണമോ കിട്ടാതെ ഇരുട്ടറയിൽ ഒന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കാളികാവിലെ വീട്ടിൽ നിന്നും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കുട്ടിയെ കണ്ടെത്താനായത്.
വീട്ടിൽനിന്ന് ഒരു പെൺകുട്ടിയുടെ നിർത്താതെയുള്ള നിലവിളി കേട്ടതായി നാട്ടുകാർ പറഞ്ഞതനുസരിച്ചു ചൈൽഡ്‌ലൈൻ പ്രവർത്തകർ വീട്ടിലെത്തി പരിശോധന നടത്തിയത്. യുവതിയും അവരുടെ പ്രായമായ മാതാപിതാക്കളും മക്കളായ ഒൻപതും നാലരയും വയസുള്ള 2 ആൺകുട്ടികളും രണ്ടും മൂന്നരയും വയസുള്ള 2 പെൺകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ 9 വയസുകാരൻ യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ്.
വീട്ടിലെ ഇരുട്ടുമുറിയിൽ തള്ളിയ കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചപ്പോഴാണ് ഒരു പെൺകുട്ടി കൂടി വീട്ടിലുണ്ടെന്ന വിവരം പലരും അറിയുന്നത്. ആൺകുട്ടികളെ ഇടയ്ക്കു പുറത്തുകാണാറുണ്ടെങ്കിലും ഇളയ പെൺകുട്ടിയെ കണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു.അതേസമയം, മർദനത്തിനിരയായ മൂന്നരവയസുകാരിയെ കുടുംബം കൈവിട്ടു. കുട്ടിയെ കൊണ്ടുപൊയ്‌ക്കൊള്ളാൻ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമായി പറഞ്ഞത്.
സമീപത്തെ ആരാധനാലയത്തിൽനിന്ന് സൗജന്യമായി നൽകുന്ന ഭക്ഷണം കഴിക്കാൻ യുവതിയും 3 മക്കളും എത്താറുണ്ട്. നാട്ടുകാരെ വീട്ടിലേക്ക് കയറ്റാറില്ല. യുവതിയുടെ മാതാവ് മൂന്നര വയസുകാരിയെ ക്രൂരമായി മർദിക്കാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും പുറത്തിറങ്ങാൻ അനുവദിക്കാറില്ലെന്നുമാണ് സഹോദരങ്ങളുടെ മൊഴി. പലപ്പോഴായി മന്ത്രംചൊല്ലി ഊതിയ വെള്ളം നൽകിയിരുന്നതായും പറയുന്നു. സി.ഡബ്ല്യു.സി മുൻപാകെ ഹാജരാക്കിയ മൂന്നരവയസുകാരിയെ ശിശുപരിചരണ കേന്ദ്രത്തിലേക്കും രണ്ടു കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കും മാറ്റി. രണ്ടുവയസുകാരിയെ മാതാവിനൊപ്പം മറ്റൊരു മന്ദിരത്തിലേക്കയച്ചിട്ടുണ്ട്.