ബിശ്വനാഥ്: അസമിൽ ബീഫ് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് മുസ്ലിം വൃദ്ധനെ ക്രൂരമായ അക്രമണങ്ങൾക്ക് വിധേയനാക്കി. അസമിലെ ബിശ്വനാഥ് ജില്ലയിലായിരുന്നു സംഭവം. അക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന് ഇരയായ വ്യക്തി മുട്ടുകാലിൽ ഇരുന്ന് തന്നെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
68കാരനായ ഷൗക്കത്ത് അലിയെയാണ് ബീഫ് വിറ്റു എന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കിയത്. തുടർന്ന് വൃദ്ധനായ ഇയാളെ ക്രൂരമായി മർദിച്ച ശേഷം ഭീഷണിപ്പെടുത്തി പന്നിയിറച്ചി കഴിപ്പിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിന്റെ മർദനത്തിൽ വീണു പോയ വൃദ്ധനെ പൊലീസെത്തിയാണ് ആക്രമികളിൽ നിന്നു രക്ഷപ്പെടുത്തിയത്.
പരിക്കേറ്റ ഷൗക്കത്തിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. വീഡിയോയിൽ കാണുന്ന ആക്രമികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടത്തിയിട്ടില്ല.
ബീഫ് വിൽക്കാൻ ലൈസൻസ് ഉണ്ടോയെന്നും ബംഗ്ലാദേശിൽ നിന്നാണോ വന്നതെന്നും അക്രമികൾ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ‘നീ ബംഗ്ലാദേശി ആണോ? ദേശീയ പൗരത്വ പട്ടികയിൽ നിന്റെ പേരുണ്ടോ?’ ആൾക്കൂട്ടത്തിനിടയിൽ നിന്ന് വിളിച്ച് ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പിന്നീട് പന്നിയിറച്ചി നൽകി ഭീഷണിപ്പെടുത്തി കഴിപ്പിക്കുന്നതും കാണാം. അസമിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് ലക്ഷക്കണക്കിന് പേരെയാണ് പുറത്താക്കപ്പെട്ടത്. ഇതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമങ്ങളും നടക്കുന്നുണ്ട്.
വീഡിയോ കാണാം...