ന്യൂഡൽഹി: കഴിഞ്ഞ അഞ്ചുമാസമായി ലഭിക്കാതിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതന കുടിശിക തുക കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് കുടിശിക തുകയായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. വിഷുവിന് മുൻപ് തുക തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ നവംബർ മുതൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് വേതനം ലഭിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോരിന് ഇത് കാരണമായിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി പല തവണ കേന്ദ്രത്തിന് കത്തയച്ചു. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നും കേന്ദ്രത്തിൽ നിന്നും കുടിശിക ചോദിച്ച് വാങ്ങിയില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.
15ലക്ഷം പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതിൽ 80ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസവേതനമായി നിലവിൽ തൊഴിലാളികൾക്ക് ലഭ്യമാക്കുന്നത്. ഗ്രാമീണ ജനതയുടെ ജീവിതത്തിന് വലിയ താങ്ങായി മാറിയ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് കുടിശ്ശികയായി കിട്ടാനുള്ള തുക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പ്രളയ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 50 തൊഴിൽദിനം കൂടി അധികമായി അനുവദിച്ചിരുന്നു.