കൊച്ചി: ഒരു കഥയിൽ നിന്നാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം തിരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. ''വടക്കേപ്പറമ്പിൽ ഒരു പാമ്പിനെ കണ്ടുവെന്ന് ഒരാൾ പറഞ്ഞു. ഉഗ്രവിഷമുള്ളതാണെന്നും മുന്നിൽപ്പെട്ടാൽ അപകടം ഉറപ്പാണെന്നും സൂചന നൽകി. കേട്ട് നിന്നൊരാൾ പൊടുന്നനെ വടിയുമായി തെക്കേപ്പറമ്പിലേക്ക് ഒറ്റ ഓട്ടം. മുന്നും പിന്നും നോക്കാതെ നിലത്ത് അടി തുടങ്ങി. ഇത് കണ്ട് വേറൊരാൾ ചോദിച്ചു. നിങ്ങൾ എന്താ ചെയ്യുന്നേ? പാമ്പിനെ കൊല്ലുകയാണെന്ന് മറുപടി. എന്നിട്ട് പാമ്പ് എവിടെ? പാമ്പ് ഇവിടെയില്ല, വടക്കേപ്പറമ്പിലാണ്..'' വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ചാണ് ഈ കഥ. ഇടതുപക്ഷ നിലപാടും നിലവിലെ രാഷ്ട്രീയ സാഹചര്യവും കഥയ്ക്ക് പിന്നാലെയത്തി. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ ബിനോയ് വിശ്വം എം.പി 'ഫ്ളാഷു'മായി സംസാരിക്കുന്നു.
കോൺഗ്രസ് രാഹുലിനെ പറ്റിച്ചു
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകളുടെ ഫലമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായത്. ഉമ്മൻ ചാണ്ടിയടക്കമുള്ള ഗ്രൂപ്പ് നേതാക്കളുടെ ബുദ്ധിയാണിത്. പ്രചാരണത്തിന് കൂടുതൽ പണം രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ഇവിടെ എത്തിക്കുക മാത്രമാണ് സംസ്ഥാന ഘടകത്തിന്റെ ലക്ഷ്യം. ഇതിന് വിജയമുറപ്പുള്ള മണ്ഡലമായി വയനാടിനെ കാട്ടി ഇക്കൂട്ടർ രാഹുലിനെ പറ്റിക്കുകയായിരുന്നു. 2009ൽ കോൺഗ്രസിന് ഒന്നരലക്ഷം അടുത്തായിരുന്നു അവിടെ ഭൂരിപക്ഷം. അന്ന് കേന്ദ്രത്തിലും കേരളത്തിലും വയനാട്ടിലും കോൺഗ്രസായിരുന്നു. കഴിഞ്ഞ വർഷം ഭൂരിപക്ഷം 20,000 ആയി കുറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് തരിപ്പണമായി. രാഹുലിന്റെ വരവോടെ വയനാട്ടിൽ ഇടതുപക്ഷം കൂടുതൽ ശക്തമായി. പ്രചാരണങ്ങൾ പതിവിലും വേഗത്തിലാണ്.
തെക്കേ ഇന്ത്യയിലെ ബി.ജെ.പി ആക്രമണത്തെ ചെറുക്കാനാണ് വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ബി.ജെ.പി അക്രമങ്ങളുടെ പ്രധാന സൂചിക വടക്കൻ സംസ്ഥാനങ്ങളാണ്. ബി.ജെ.പിക്ക് വേരുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകത്തിൽപോലും മത്സരിക്കാൻ രാഹുൽ തയ്യാറാകുന്നില്ല. രാഹുലിന്റെ അനുഭവത്തേക്കാൾ രണ്ടിരട്ടി അനുഭവം സി.പി.ഐ സ്ഥാനാർത്ഥി സുനീറിനുണ്ട്. വയനാട്ടിൽ ഇടതുപക്ഷം വിജയിക്കും.
കേരളത്തിൽ ഇടത് കാറ്റ്
തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ്. വരും ദിനങ്ങളിൽ ഈ കാറ്റിനെ കൊടുങ്കാറ്റാക്കി മാറ്റാനാണ് എൽ.ഡി.എഫ് ശ്രമിക്കുക. സംഘടനയുടെ കാഴ്ചപ്പാടും പ്രവർത്തനങ്ങളുമാണ് അതിനുള്ള ബലം. എൽ.ഡി.എഫ് അനുകൂല സാഹചര്യം തടയാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാൽ ഇത് വിലപ്പോവില്ല.
ഇടത് പ്രതിനിധികൾ പോവില്ല
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വരുന്നത് തൂക്ക് മന്ത്രിസഭയായിരിക്കും. ഭരണം ഉറപ്പിക്കാൻ ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ ശ്രമിക്കും. എന്നാൽ, ബി.ജെ.പി പണമെറിഞ്ഞാൽ കോൺഗ്രസിൽ നിന്നുള്ള എം.പിമാർ ബി.ജെ.പിയിലേക്ക് കൂടുമാറില്ലെന്ന് രാഹുൽ ഗാന്ധിക്ക് പോലും ഉറപ്പില്ല. എന്നാൽ, ലോക്സഭയിലെത്തുന്ന ഇടത്പ്രതിനിധികൾ ലോകത്തെ മൊത്തം പണം കൊണ്ടുവച്ചാലും ബി.ജെ.പിക്ക് അനുകൂലമായി നിൽക്കില്ലെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഐക്യം തകർക്കപ്പെടും
ഒരു വട്ടം കൂടി മോദിയെന്നാണ് ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. എന്നാൽ, ഒരു വട്ടം കൂടി മോദി അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഐക്യം തകർക്കപ്പെടും. ഇപ്പോൾതന്നെ അവർ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. ബി.ജെ.പി എം.പിമാർതന്നെ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുസ്മൃതി നടപ്പിലാവണമെന്നാണ് അവരുടെ ആഗ്രഹം. പൊള്ളയായ വാഗ്ദാനങ്ങൾ നിറഞ്ഞതാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. അമ്പിളി മാമനെ പിടിച്ച് തരാമെന്നുവരെ പറഞ്ഞുകളയും. പോയ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക നോക്കിയാൽ മനസിലാകും നടപ്പാക്കിയ പദ്ധതികൾ ഒന്നുമില്ല.