താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് പ്രണവ് മോഹൻലാലെന്ന് സംവിധായകൻ അരുൺഗോപി. മലയാള സിനിമയിൽ നല്ലൊരു പൊസിഷനിൽ പ്രണവ് അധികം വൈകാതെ എത്തും, കാലം അത് തെളിയിക്കുമെന്നും അരുൺഗോപി പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അരുൺ മനസു തുറന്നത്.
അരുൺഗോപിയുടെ വാക്കുകൾ-
'പ്രണവ് മോഹൻലാലിനെ എനിക്ക് വളരെ ഇഷ്‌ടമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാരെന്ന് ചോദിച്ചു കഴിഞ്ഞാൽ.... അയാൾ ഒരു താരമാണ്. അയാൾ എത്തും മലയാള സിനിമയിൽ. അയാൾ മലയാള സിനിമയിൽ ഉണ്ടാകും. നല്ലൊരു പൊസിഷനിൽ എല്ലാ രീതിയിലും മികച്ച ഒരാളായി അയാൾ മലയാള സിനിമയിലെത്തും. വ്യക്തപരമായി പ്രണവിനോട് എനിക്ക് ഒരുപാട് ആരാധനയുണ്ട്. അയാളിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
മലയാളം അത്ര കംഫർട്ട് അല്ലാത്തതിന്റെ പ്രശ്‌നം അയാളിലുണ്ട്. ഇംഗ്ളീഷാണ് അയാളുടെ കംഫർട്ടബിൾ ലാംഗ്വേജ്. മലയാളത്തിന്റെ സോൾ അദ്ദേഹത്തിനറിയില്ല. അദ്ദേഹം പറയുന്ന ഡയലോഗിനകത്ത് എന്താണ് അതിന്റെ അർത്ഥമെന്ന് അറിയില്ല. മലയാളം അത്ര കംഫർട്ട് അല്ലാത്തതിന്റെ പ്രശ്‌നമാണ് നിലവിൽ പ്രണവിന് എന്തെങ്കിലും പ്രശ‌്‌നമുണ്ടെന്ന് പറയുന്നതിന്റെ കാരണം. അത് റിക്കവർ ചെയ്‌ത് അയാൾ എത്തുക തന്നെ ചെയ്യും. അതിനു ശേഷം നോക്കിക്കോളൂ... പ്രണവ് എന്താണെന്ന്. ഞാനായിട്ട് ഒന്നും പറയുന്നില്ല അത് കാലം തെളിയിക്കേണ്ട കാര്യമാണ്'.
പ്രണവ് മോഹൻലാലിനെ നായകനാക്കി അടുത്തിടെ അരുൺഗോപി ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ വൻവിജയമായിരുന്നില്ല. രാമലീലയ്‌ക്ക് ശേഷമാണ് പ്രണവ്, സായ ഡേവിഡ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അരുൺ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തിയത്.