election-commission

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു. റെയ്ഡിനെ കുറിച്ച് വിശദീകരിക്കാൻ റവന്യൂ സെക്രട്ടറി എ.ബി പാണ്ഡെ, സി.ഡി.ബി.ടി ബോർഡ് ചെയർമാൻ പി.സി മോഡി എന്നിവർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

റെയ്ഡുകൾ നടത്തുന്നതിൽ തെറ്റില്ലെന്നും പക്ഷേ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷൻ ആദായ നികുതി വകുപ്പിന് കർശന നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് സമയത്ത് പുലർത്തേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ധനകാര്യ വകുപ്പിനോടും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ സഹായികളുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിർദ്ദേശം. സഹായികളുടെ വീടുകളിൽ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്.

ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. പ്രതിപക്ഷ പാർട്ടി നേതാക്കളായ ബഹുജൻ സമാജ് വാദി പാർട്ടിയുടെ മായാവതി, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എന്നിവർക്കെതിരെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം. അതേസമയം റെയ്ഡുകൾ മുൻകൂട്ടി അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ എൻഫോഴ്സ്‌മെന്റിനും ആദായനികുതി വകുപ്പിനും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.