കളമശേരി: കൊമ്പനാനയെ തളയ്ക്കാൻ തോക്കും മയക്കുവെടിയും ഒന്നും വേണ്ട സ്നേഹത്തോടെയുള്ള ഒരു വിളി മതിയെന്ന് കാണിച്ച് തരികയാണ് വിനോദ് എന്ന ആനയും ഉടമസ്ഥനായ ഷാജിയും. ഷാജിയുടെ ഒരൊറ്റ വിളിയോടെ ഒരു നാടിനെ വിറപ്പിച്ച കൊമ്പൻ സൈലന്റ്...! എലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിളക്കിനെഴുന്നള്ളിപ്പിനു ശേഷമായിരുന്നു സംഭവം. പാപ്പാൻമാർ പറയുന്നത് അനുസരിക്കാതെ കുറുമ്പ് കാണിച്ച് നടന്ന് പോയ വിനോദ് രണ്ടര കിലോമീറ്ററോളം നടന്ന ശേഷം പാതാളത്തെത്തിയപ്പോൾ പള്ളിക്കര റോഡിലേക്കു തിരിഞ്ഞ് പെരിയാറിലേക്ക് ഇറങ്ങുകയായിരുന്നു.
പുഴയിൽ നീന്തി കുളിച്ചുകൊണ്ടിരുന്ന ആനയെ പഴക്കുല കാണിച്ചും ഓലമടൽ എറിഞ്ഞുകൊടുത്തും മെരുക്കാൻ പാപ്പാൻമാർ പഠിച്ചപണി പതിനെട്ടും നോക്കിയെങ്കിലും അവന്റെ പിണക്കം മാറിയില്ല. എന്നാൽ സംഭവത്തെ തുടർന്ന് നാട്ടുകാരാകെ പരിഭ്രാന്തരായിരുന്നു. ആന കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് അവർക്കുറപ്പുള്ളത് കൊണ്ട് ആനയെ തളയക്കുവാൻ മയക്കുവെടി വയ്ക്കാൻ പൊലീസ് തയാറായെങ്കിലും പാപ്പാൻമാർ സമ്മതിച്ചില്ല.
ആന പിണങ്ങി പെരിയാറിൽ ഇറങ്ങിയ വിവരമറിഞ്ഞ് ഉടമസ്ഥനായ പാലാ മഞ്ഞക്കടമ്പ് ഷാജി സ്ഥലത്തെത്തുകയായിരുന്നു. കായലിൽ കുളിച്ചുകൊണ്ട് നിന്ന ആനയെ നോക്കി ‘കേറിവാടാ മോനേ, നാണക്കേടുണ്ടാക്കല്ലേടാ, നാട്ടുകാരെക്കൊണ്ടു പറയിക്കല്ലേ...’ ഇരുട്ടിലും വിനോദ് ഷാജിയുടെ ശബ്ദം തിരിച്ചറിഞ്ഞു.
അതുവരെ പാപ്പാൻമാരെ അനുസരിക്കാതെ രണ്ടരമണിക്കൂറോളം പെരിയാറിൽ ഇറങ്ങി നീന്തിക്കളിച്ച ആന കൊമ്പുകളിൽ തുമ്പിക്കൈ ചുറ്റി കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കനായി ഷാജിയുടെ അരികിൽ എത്തി അനുസരണയോടെ നിൽക്കുകയും ചെയ്തു. കാഴ്ച കണ്ടു നിന്ന നാട്ടുകാരും പൊലീസുകാരും അമ്പരന്നു. ഇത്രയും നേരം കുറുമ്പ് കാട്ടി നിന്ന ആന തന്നെയാണോ ഇതെന്ന് സംശയിച്ച് പോകുന്നത് പോലെയായിരുന്നു സംഭവം.
പിന്നെ ഷാജി നൽകിയ പഴവും വാങ്ങിക്കഴിച്ച് വിനോദ് അനുസരണയോടെ നിന്നപ്പോൾ പാപ്പാൻമാർ അവന് വിലങ്ങിടുകയും അവൻ ഷാജിക്കും പാപ്പാൻമാർക്കുമൊപ്പം നടന്നു നീങ്ങി. ശേഷം ആനയെ രാത്രി തന്നെ ലോറിയിൽ കൊണ്ടുപോയി. അതോടെ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ആശങ്കയ്ക്ക‌് വിരാമമാവുകയും ചെയ്തു. കഴിഞ്ഞ 22 വർഷമായി ഷാജിയാണ് 49 വയസ്സുള്ള വിനോദ് എന്ന കൊമ്പനാനയെ സംരക്ഷിക്കുന്നത്.