ന്യൂഡൽഹി: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബി.ജെ.പി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള കോൺഗ്രസിന്റെ സമീപനം പാകിസ്ഥാന് തുല്യമെന്നും പരാമർശിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.
ന്യായ് (നീതി) നടപ്പാക്കുമെന്ന കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം, അപ്പോൾ അധികാരത്തിലിരുന്ന 60 വർഷക്കാലം അവർ ജനങ്ങളോട് നീതി ചെയ്‌തിട്ടില്ലെന്ന് തുറന്നുസമ്മതിക്കുകയാണ്. 'അവരുടെ മുഖ്യതെരഞ്ഞെടുപ്പ് മുദ്രാവാക്യം ഇനി നീതി ലഭിക്കും എന്നതാണ്. ഇതിലൂടെ 60 വർഷത്തെ ഭരണകാലത്ത് നീതി ചെയ്തില്ലെന്ന് അവർ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ്' മോദി പറഞ്ഞു. രാജ്യത്തെ വിവിധ വിഭാഗങ്ങൾ കോൺഗ്രസിന്റെ ചെയ്തികളിൽ നിന്ന് മോചനം പ്രതീക്ഷിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
'1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ ഇരകൾക്ക് നീതി ലഭിച്ചോ? മുത്തലാഖിന്റെ ഇരകൾക്ക് നീതി ലഭിക്കുന്നതോ? കടം എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കർഷകരുടെ കാര്യമോ? പത്ത് ദിവസത്തിനുള്ളിൽ നീതി കിട്ടുമെന്നായിരുന്നു നിങ്ങൾ പ്രഖ്യാപിച്ചത്. ഇപ്പോൾ 100 ദിവസമായി. എപ്പോഴായിരിക്കും അവർക്ക് നീതി ലഭിക്കുക' മോദി ചോദിച്ചു.
അംബേദ്കർ, സുഭാഷ് ചന്ദ്ര ബോസ്, സർദാർ പട്ടേൽ എന്നിവർക്ക് ചരിത്രത്തിൽ സ്ഥാനം നിഷേധിച്ചത് കോൺഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. 'നീതി വേണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നു ഉയരുകയാണ്. പക്ഷേ കോൺഗ്രസിന് നീതി നൽകാനാകില്ല' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജമ്മു കശ്‌മീരിൽ നിലവിലുള്ള സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെയും പ്രധാനമന്ത്രി നിശിതമായി വിമർശിച്ചു. കശ്‌മീരിൽ അഫ്സ്പ പിൻവലിക്കുന്നത് ഇന്ത്യൻ സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.
'സർക്കാരിന് സായുധസേനയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികാരമുണ്ട്. എങ്കിൽ മാത്രമേ പോരാട്ടത്തിനുള്ള ആത്മവീര്യം അവർക്കുണ്ടാകൂ. അഫ്സ്പ പിൻവലിക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ്. ഞാൻ ഇത് അനുവദിക്കില്ല' മോദി വ്യക്തമാക്കി. ജമ്മുകശ്മീരിനെ പോലെ സംഘർഷഭരിതമായ സ്ഥലത്ത് അഫ്സ്പയുടെ ആവശ്യകത എടുത്തുപറഞ്ഞ മോദി, നിയമം പിൻവലിക്കുന്നതിനോ അതിൽ വെള്ളം ചേർക്കുന്നതിനോ മുൻപ് അഫ്സ്പ ആവശ്യമില്ലെന്ന അന്തരീക്ഷം അവിടെ ഒരുക്കേണ്ടതുണ്ട്. അരുണാചൽ പ്രദേശിൽ ഭാഗികമായി നിയമം പിൻവലിച്ച കാര്യവും ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടി.
'ഞങ്ങൾ ഭീകരാവദത്തെ ഇല്ലാതാക്കുന്നതിനുള്ള പാതയിലാണ്. ഭീകരവാദികളുടെ ആതമവീര്യം തകർത്തതിലൂടെ മാനസികമായി മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ട്' മോദി അവകാശപ്പെട്ടു. സൈനികരോടുള്ള കോൺഗ്രസിന്റെ കാഴ്ചപാട് പാകിസ്ഥാന് സമാനമാണെന്നും മോദി കുറ്റപ്പെടുത്തി. 'ഒരു രാജ്യസ്‌നേഹിക്കും ഈ ഭാഷ സഹിക്കാനാകില്ല. അവരുടെ പ്രചടകന പത്രിക പറയുന്നത് ജമ്മു കശ്മീരിലെ അഫ്സ്പ പിൻവലിക്കുന്നതിനെ കുറിച്ചാണ്. ഇത് സൈനികരുടെ കൈയിൽ നിന്ന് ആയുധം എടുത്തുമാറ്റുന്നതിന് തുല്യമാണ്' മോദി കൂട്ടിച്ചേർത്തു.