തൊടുപുഴ: വാഹനങ്ങളിൽ അമിത വേഗത്തിൽ പോകുന്നവരെ പിടികൂടാനായി റോഡിൽ ചെക്കിംഗിന് ഇറങ്ങിയ പൊലീസിനെ ഉത്തരംമുട്ടിച്ച് വിദേശ മലയാളിയുടെ ചോദ്യം. ഒടുവിൽ ചെക്കിംഗിന് പിടികൂടിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയും പിഴ വാങ്ങാതെ വെറുതെ വിടേണ്ടി വന്നു. തൊടുപുഴയിലായിരുന്നു സംഭവം.
70 കിലോമീറ്റർ കൂടുതൽ വേഗതയിൽ സഞ്ചരിച്ചുവെന്ന് പറഞ്ഞാണ് പൊലീസ് വിദേശ മലയാളിയെ ഇന്നലെ പിടികൂടിയത്. തുടർന്ന് യാത്രക്കാരനോട് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. താൻ അത്രയും വേഗത്തിൽ സഞ്ചരിച്ചില്ലെന്നും വേഗത രേഖപ്പെടുത്തിയതിന്റെ പ്രിന്റ് ഔട്ട് നൽകിയാൽ പിഴ അടയ്ക്കാമെന്നും യാത്രക്കാരൻ പറഞ്ഞു.
വിദേശ മലയാളിയുടെ ചോദ്യം കേട്ട് പൊലീസ് പകച്ചുപോയി. എന്നാൽ പ്രിന്റ് എടുക്കുന്ന മെഷീൻ തകരാറിലാണെന്നും ക്യാമറയിൽ നിന്നും മൊബൈലിൽ വേഗത രേഖപ്പെടുത്തിയത് പകർത്താനുമായിരുന്നു പൊലീസിന്റെ മറുപടി. പക്ഷേ വാഹന ഉടമ അതിന് തയാറാകാതെ നിന്നതോടെ പൊലീസ് കുഴങ്ങി.
ഇത് മുനിസിപ്പൽ റോഡാണെന്നും 50കിലോമീറ്ററിൽ കൂടിയ വേഗത്തിൽ പോകാൻ പാടില്ലെന്ന അടുത്ത വാദമായിരുന്നു പൊലീസിന്റേത്. എന്നാൽ വാഹന യാത്രക്കാരുടെ അറിവിലേക്കായി മുന്നറിയിപ്പ് ബോർഡ് എവിടെയാണ് വച്ചിരിക്കുന്നത് എന്നായി യാത്രക്കാരൻ. ഈ ചോദ്യം കേട്ടതോടെ പൊലീസിന് മറുപടിയില്ലാതായി. ഒടുവിൽ വിദേശ മലയാളിയെയും ഒപ്പം പിടികൂടിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയും പൊലീസിന് വെറുതെ വിടേണ്ടി വന്നു.