ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശത്ത് അച്ചടിച്ച മൂന്ന് ലക്ഷം കോടിയുടെ വ്യാജകറൻസികൾ വ്യോമസേനയുടെ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചുവെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നോട്ടുനിരോധനത്തിന് മുമ്പ് അസാധുനോട്ടുകൾ വലിയതോതിൽ മാറ്റിനൽകിയതായി വെളിപ്പെടുത്തുന്നതിന്റ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷനിൽ നടന്ന ഇടപാടിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി നൽകി. നോട്ട് നിരോധനത്തിന് മുൻപ് വിദേശത്ത് നിന്ന് മൂന്ന് സീരീസിൽ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വീതം വ്യാജ നോട്ട് ഇന്ത്യയിൽ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകൾ കൊണ്ടുവന്നതെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റ് രാഹുൽ രത്‌രേക്കർ നോട്ടുനിരോധനത്തുക്കുറിച്ച് വെളിപ്പെടുത്തൽ നടത്തുന്ന വീഡിയോയാണ് കപിൽ സിബൽ പുറത്തുവിട്ടത്. നോട്ടുനിരോധനത്തിന് ശേഷം വലിയ തോതിൽ രാജ്യത്ത് കള്ളപ്പണം മാറ്റിനൽകി. പണത്തിന്റെ കൈമാറ്റമെല്ലാം നിയന്ത്രിച്ചിരുന്നത് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായാണ്.റിസർവ് ബാങ്കുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ ഡിപാർട്‌മെന്റുകളിൽനിന്നായി 26 പേരാണുണ്ടായിരുന്നത്. ആർ.ബി.ഐയിലെ കറൻസി ഇടപാടുകളിലെ കള്ളത്തരം പുറത്തുവരാതിരിക്കാൻ റിലയൻസ് ജിയോയുടെ ഡാറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രത്‌രേക്കർ പറയുന്നുണ്ട്.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ അറിവോടെയാണിതെന്നും, അസാധുനോട്ട് മാറ്റി നൽകൽ ഇപ്പോഴും തുടരുന്നുവെന്നും കപിൽ സിബിൽ പറഞ്ഞു. പുതിയ കറൻസിയിലുള്ള ഊർജിത് പട്ടേലിന്റെ ഒപ്പ് നോട്ടുനിരോധനത്തിനും ആറ് മാസം മുമ്പ് തന്നെ പ്രിന്റ് ചെയ്‌തിരുന്നു. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും സിബൽ ആരോപിച്ചു.
LIVE: Press briefing by former union minister @KapilSibal. https://t.co/FmpAWT90P3
— Congress Live (@INCIndiaLive) April 9, 2019