police

കൊല്ലം: തമിഴ്‌നാട്ടിലെ ക‌ഞ്ചാവിന്റെ മൊത്ത വിതരണക്കാരനെ കുടുക്കാൻ ശ്രമിച്ച അതിബുദ്ധിക്കിടെ കുടുങ്ങിയത് പൊലീസുകാരനും. കഞ്ചാവ് കേസിലെ പ്രതിയിൽ നിന്ന് പണം കൈപ്പറ്റിയാണ് പൊലീസുകാർ പണി വാങ്ങിയത്. ഓച്ചിറ സ്വദേശിയായ യുവാവിന് ക‌ഞ്ചാവ് ബന്ധങ്ങളുണ്ടെന്ന് ബോദ്ധ്യമായതിനെ തുടർന്നാണ് കമ്മിഷണറുടെ ഷാഡോ ടീമിലെ അംഗമായ പൊലീസുകാരൻ പിന്തുടർന്നത്. ചവറയിൽ യുവാവ് ക‌‌ഞ്ചാവ് വലിക്കുന്നതിനിടെ കൈയോടെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് കൂടുതൽ കഞ്ചാവ് കണ്ടെത്താനായില്ല.

ചവറ സ്‌‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിന് ജാമ്യവും ലഭിച്ചു. യുവാവിന് ക‌ഞ്ചാവ് ബന്ധങ്ങളുണ്ടെന്ന് മനസിലാക്കിയ ഷാഡോ പൊലീസുകാരൻ ഒരു സഹപ്രവർത്തകനെയും കൂട്ടി യുവാവിനെ സമീപിച്ചു. ക‌ഞ്ചാവിന്റെ മൊത്ത വിതരണക്കാരനായ തമിഴ്‌നാട്ടിലെ കമ്പം ​​​- തേനി സ്വദേശിയായ യുവാവിന്റെ അക്കൗണ്ടിലേക്ക് 50,​000 രൂപ നിക്ഷേപിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടുകാരൻ കഞ്ചാവുമായെത്തുമ്പോൾ പൂട്ടാനായിരുന്നത്രെ ഈ കെണി.

പണം മുടക്കുന്നതിന് പ്രത്യുപകാരമായി ചില കേസുകളിൽ യുവാവിനെ സഹായിക്കാമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ യുവാവ് പകുതി പണവുമായെത്തി. ബാക്കി തുക സംഘടിപ്പിച്ച് വരുമ്പോഴേക്കും ചെലവായി പോകാതിരിക്കാൻ പണം തങ്ങൾ സൂക്ഷിക്കാമെന്നായി പൊലീസുകാർ. തുടർന്ന് പണം കൈപ്പറ്റുകയും ചെയ്‌തു. ഇതിനിടെയാണ് യുവാവിന്റെ മാതാവ് അർ‌ബുദം മൂർച്ഛിച്ച് മരിച്ചത്. തുടർന്നാണ് ഷാഡോ പൊലീസുകാർ പണം കൈപ്പറ്റിയെന്ന പരാതി കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്ത് ലഭിച്ചത്.

തമിഴ്‌നാട്ടിലെ ക‌ഞ്ചാവ് മാഫിയയിൽപ്പെട്ട യുവാവിനെ കുടുക്കാനാണെങ്കിലും പ്രതിയുമായി അടുപ്പം സ്ഥാപിച്ച് പണമിടപാട് നടത്തിയതും കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചതും ഗൗരവമേറിയ അധികാര ദുർവിനിയോഗവും കുറ്റകൃത്യവുമായാണ് കമ്മിഷണർ വിലയിരുത്തിയത്. തുടർന്നാണ് ഷാഡോ ടീമിൽ നിന്ന് പൊലീസുകാരെ എ.ആർ ക്യാമ്പിലെ അപ്രസക്തമായ ചുമതലയിലേക്ക് മാറ്റിയത്.