rajnath-singh

ന്യൂഡൽഹി: ഓ‌രോ ഇന്ത്യക്കാരന്റെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന് ബി.ജെ.പി ഒരിക്കലും വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറ‌ഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പറ‌ഞ്ഞതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു കള്ളപ്പണം. ബി.ജെ.പി അങ്ങനൊരു വാഗ്ദാനം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ഇതുമായി ബന്ധപ്പെട്ട് ഇറക്കുന്ന നുണ പ്രചാരണങ്ങളിറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2014-ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണ വിഷയം ബി.ജെ.പി പ്രധാനമായും ഉയർത്തി കാണിച്ചിരുന്നു. എന്നാൽ,​ ഇത്തവണ പാർട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച് കാര്യമായ അവകാശവാദങ്ങളില്ല. അതേസമയം സമാന്തര സമ്പദ് വ്യവസ്ഥ തകർത്തെന്ന് പ്രകടനപത്രികയിൽ പരാമർശിക്കുന്നുമുണ്ട്.

പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമല്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സ്വയംഭരണാധികാരികളാണെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡുകൾ നടത്തുന്നതിൽ ആർക്കും തടയാൻ സാധിക്കില്ല. തിരഞ്ഞെടുപ്പിൽ അനധികൃത പണം ഉപയോഗിക്കുന്നത് തടയാൻ ഏജൻസികൾക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.