ശ്രീനഗർ: കാശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുടെ വെടിയേറ്റ് ആർ.എസ്.എസ് നേതാവ് ചന്ദ്രകാന്ത് ശർമ കൊല്ലപ്പെട്ടു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെൽത്ത് സെന്ററിൽ വച്ചാണ് ശർമയ്ക്കും സുരക്ഷാ ജീവനക്കാരനും നേർക്ക് ഭീകരർ വെടിവയ്പ് നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ശർമയെ ഹെലികോപ്ടറിൽ ജമ്മു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിവ് ആരോഗ്യ പരിശോധനകൾക്കായാണ് ശർമ്മ കിഷ്ത്വാറിലെ ഹെൽത്ത് സെന്ററിലെത്തിയത്.
ഭീകരർ ഹെൽത്ത് സെന്ററിനുള്ളിലേക്ക് അതിക്രമിച്ച് കയറി ശർമ്മയുടെ സുരക്ഷാ ജീവനക്കാരന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിന് പിന്നാലെ താഴ്‌വരയിൽ അധികൃതർ നിരോധനാഞ്ജ ഏർപ്പെടുത്തി. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പലസ്ഥലത്തും ക്രമസമാധാനപാലനത്തിനായി സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.