ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് മങ്ങലേൽപ്പിക്കാൻ കോൺഗ്രസിനു കഴിയുമെങ്കിലും അടുത്ത അഞ്ച് വർഷവും നരേന്ദ്ര മോദി തന്നെ ഇന്ത്യ ഭരിക്കുമെന്ന് സർവേ ഫലം. എന്നാൽ 2014ൽ നേടിയ ഉജ്ജ്വല വിജയം അവകാശപ്പെടാൻ ബി.ജെ.പിയ്‌ക്ക് കഴിയില്ലെന്നും 228 സീറ്റ് നേടി എൻ.ഡി.എയ്‌ക്ക് തൃപ്‌തിപ്പെടേണ്ടിവരുമെന്നും സർവേ പറയുന്നു. 2014ൽ 336 സീറ്റാണ് എൻ.ഡി.എ നേടിയത്. ഇതിൽ 282 സീറ്റുമായി തനിച്ച് സർക്കാരുണ്ടാക്കാൻ കഴിയുന്ന തരത്തിൽ വ്സ്‌മയാവഹമായ പ്രകടനമാണ് ബി.ജെ.പി നടത്തിയത്.
എന്നാൽ അഞ്ച് വർഷം മുമ്പ് അധികാരം നഷ്‌ടപ്പെട്ട് 44 സീറ്റിലേക്ക് കൂപ്പുകുത്തിയ കോൺഗ്രസ് ഇത്തവണ ഇരട്ടി സീറ്റ് നേടുമെന്ന് (88) സർവേ പ്രവചിക്കുന്നു. കോൺഗ്രസിന്റെ സഖ്യകക്ഷികൾ 140 സീറ്റു നേടുമെന്നും പ്രവചനമുണ്ട്. 543 അംഗങ്ങളുള്ള ലോക്‌സഭയിൽ അധികാരം നേടുന്നതിനായി ഒരു രാഷ്‌ട്രീയ പാർട്ടിക്കോ അതിന്റെ മുന്നണിക്കോ 272 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.
ഏവരും ഉറ്റുനോക്കുന്ന ഉത്തർപ്രദേശിൽ 36 സീറ്റുകൊണ്ട് ബി.ജെ.പിയ്‌ക്ക് തൃപ്‌തിപ്പെടേണ്ടവരുമെന്ന് സർവേ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 71 സീറ്റെന്ന മാന്ത്രിക സഖ്യയിലാണ് യു.പിയിൽ താമര വിരിഞ്ഞു വിടർന്നത്. എന്നാൽ ഇത്തവണ അഖിലേഷ് യാദവ്- മായാവതി സഖ്യമാണ് ബി.ജെ.പിയ്‌ക്ക് തിരിച്ചടിയാവുക. തെന്നിന്ത്യയിൽ വൈ.എസ്.ആറിന്റെ ജഗൻ മോഹൻ റെഡ്ഡിക്കും, ടി.ആർ.എസിന്റെ കെ.ചന്ദ്രശേഖര റാവുവിനുമൊപ്പമായിരിക്കും വിജയം.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വ്യാഴാഴ്‌ചയാണ് തുടക്കം കുറിക്കുന്നത്. മേയ് 23ന് വിധിയറിയാം.