ലണ്ടൻ : യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ ഇന്ന് ക്ലാസിക് പോരാട്ടങ്ങൾ. ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫോർഡിൽ ഫുട്ബാൾ ലോകം ആകാഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്രർ യുണൈറ്രഡും ബാഴ്സലോണയും തമ്മിൽ ഏറ്രുമുട്ടുമ്പോൾ ഹോളണ്ടിലെ ആംസ്റ്രർഡാമിൽ കറുത്ത കുതിരകളായ അയാക്സ് ക്രിസ്റ്ര്യാനൊ റൊണാൾഡോയുടെ യുവന്റസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് രണ്ട് മത്സരങ്ങളും.
കാണേണ്ട കളി
എല്ലാ കണ്ണകളും ഓൾഡ്ട്രഫോർഡിലേക്കാണ്. സോൾഷേറുടെ കീഴിൽ ഉയർത്തെണീറ്ര മാഞ്ചസ്റ്റർ ലയണൽ മെസിയേയും സംഘത്തെയും മെരുക്കുമോ അതോ മുട്ടുമടക്കുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം.എങ്ങനെയും ബാഴ്സയെ വീഴ്ത്താനുറച്ചാണ് സ്വന്തം തട്ടകത്തിൽ യുണൈറ്രഡ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ ദിവസം ലാലിഗയിൽ അത്‌ലറ്രിക്കോ മാഡ്രിഡുമായുള്ള ബാഴ്സലോണയുടെ കളികാണാൻ സോൾഷേർ കാമ്പ് നൂവിലെത്തിയന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അതേസമയം മറുവശത്ത് മികച്ച ഫോമിലുള്ള ബാഴ്സലോണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുണൈറ്രഡിനെ കീഴടക്കാമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.
വൂൾവ്സിനെതിരെ പ്രിമിയർ ലീഗിൽ 1-2ന്റെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ആഘാതത്തിലാണ് യുണൈറ്രഡ് ബാഴ്സയുടെ വെല്ലുവിളി നേരിടാനൊരുങ്ങുന്നത്. പരേക്കേറ്ര ജുവാൻ മാട്ട ഇന്ന് യുണൈറ്രഡ് നിരയിൽ കളിക്കാനിടയില്ല. അതേസമയം റാഷ്ഫോർഡ് പരിക്ക് ഭേദമായി ഇന്ന് കളിച്ചേക്കും. ഇന്നലെ റാഷ്ഫോർഡ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. പോഗ്ബ, ലിൻഗാർഡ്, ലുകാകു, ഡിഗിയ എന്നിവരെല്ലാം ഫോമിലേക്കുയർന്നാൽ സോൾഷേറുടെ ചിരിയായിരിക്കും ഓൾഡ്ട്രോഫോർഡിൽ അവസാനം ഉയരുക.
വിയ്യാറയലിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറി 4-4ന്റെ സമനിലപിടിക്കുകയും അത്‌ലറ്രിക്കോ മാഡ്രിഡിനെതിരെ തകർപ്പൻ ജയം നേടുകയും ചെയ്ത ബാഴസലോണ മികച്ച ഫോമിലാണ്. മെസിയെ പിടിച്ചു കെട്ടുകയെന്നതാണ് യുണൈറ്രഡിന്റെ ഏറ്രവും വലിയ വെല്ലുവിളി. സുവാരസ് ഫോമിലേക്ക് മടങ്ങിയെത്തിയതും മദ്ധ്യനിരയിൽ കളിമെനയുന്ന ആർതറുടെ മികവും ജോർഡി ആൽബയുടെ മിന്നൽ നീക്കങ്ങളും ബാഴ്സയുടെ പ്ലസ് പോയിന്റാണ്.
ഓർമ്മിക്കാൻ
അവസാനം ഇരുടീമും ഏറ്രുമുട്ടിയ 11 മത്സരങ്ങളിൽ 4 എണ്ണത്തിൽ ബാഴ്സലോണ ജയിച്ചു. 4 എണ്ണം സമനിലയായി. 3 എണ്ണത്തിൽ യുണൈറ്റഡ് ജയിച്ചു. 20 ഗോൾ ബാഴസലോണ അടിച്ചു. 15 ഗോൾ യുണൈറ്രഡ് അടിച്ചു.
പ്രീക്വാർട്ടറിൽ ലിയോണിനെ വീഴ്ത്തിയാണ് ബാഴ്സ ക്വാർട്ടറിൽ എത്തിയത്.
പി.എസ്.ജി യെയാണ് യുണൈറ്രഡ് പ്രീക്വാർട്ടറിൽ തറപറ്രിച്ചത്.
2009ലെയും 2011ലെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ബാഴ്സലോണയുണൈറ്രഡിനെ കീഴടക്കിയിരുന്നു.
16ന് ക്യാമ്പ് നുവിലാണ് രണ്ടാം പാദം.
സൂപ്പർ പോര്
ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ വൻതുകയ്ക് സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ ടീമിലെത്തിച്ച യുവന്റസ് കറുത്തകുതിരകളായ അയാക്സിന്റെ വെല്ലുവിളി എങ്ങനെ നേരിടും എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രീക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തിയാണ് അയാക്സ് ക്വാർട്ടറിനായി ബൂട്ട് കെട്ടുന്നത്. രണ്ടാം പാദത്തിൽ റയലിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ ഒന്നിനെതിരെ നാല്ഗോളുകൾക്കാണ് ടെൻ ഹാഗിന്റെ സംഘം കശക്കിയെറിഞ്ഞത്. അതിനാൽതന്നെ റൊണാൾഡോയ്ക്കും സംഘത്തിനും ഒട്ടും എളുപ്പമാകില്ല ഇന്നത്തെ മത്സരം. പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റൊണാൾഡോയുടെ വിസ്മയ ഹാട്രിക്കിന്റെ പിൻബലത്തിൽ വിജയം സ്വന്തമാക്കിയാണ് യുവന്റസ് ഇത്തവണ ക്വാർട്ടർ ഉറപ്പിച്ചത്. റൊണാൾഡോയ്ക്കൊപ്പം മൻസൂക്കിച്ചും ഡിബാലയും ക്വാർഡ്രാഡോയും ചെല്ലിനിയുമെല്ലാം ചേരുന്ന യുവശക്തികൾ അയാക്സിനെ തറപറ്റക്കും എന്ന് തന്നെയാണ് ഉറപ്പിക്കുന്നത്. എന്നാൽ മാഡ്രിഡിൽ പുറത്തെടുത്ത മികവ് സ്വന്തം മൈതാനത്ത് യുവന്റസിനെതിരെയും തുടരാനാണ് ഡിജോംഗും ടാഡിച്ചും തഗ്ലിഫിക്കോയും സിയേച്ചും അടങ്ങുന്ന അയാക്സിന്റെ വിപ്ലവ സംഘം മൈതാനത്തിറങ്ങുന്നത്.
ഓർമ്മിക്കാൻ
മുഖാമുഖം വന്ന 12 മത്സരങ്ങളിൽ ആറെണ്ണത്തിലും യുവന്റസിനായിരുന്നു ജയം. അയാക്സിന് ജയിക്കാനായത് രണ്ടെണ്ണത്തിൽ മാത്രം.4 എണ്ണം സമനിലയായി. 15 ഗോൾ യുവന്റസടിച്ചു. 9 ഗോൾ അയാക്സ് അടിച്ചു.
സ്വന്തം തട്ടകത്തിൽ അവസാനം കളിച്ച പത്ത് മത്സരങ്ങളിലും സന്ദർശകർക്കെതിരെ അയാക്സിന് ജയിക്കാനായിട്ടില്ല.
രണ്ടാം പാദം ഏപ്രിൽ 14ന് ടൂറിനിൽ.