k-m-mani

കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലമായി ആസ്മയ്ക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചൊവ്വാഴ്‌ച രാവിലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. 4.57ന് മരണത്തിന് കീഴടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ ശ്രദ്ധേയനായ മാണി നിലവിൽ പാല നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്. മരണ സമയത്ത് ഭാര്യയും പെൺമക്കളും കൂടെയുണ്ടായിരുന്നു.

കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജ്, മദ്രാസ് ലോ കോളജിൽ നിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959ൽ കെ.പി.സി.സി.യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി.

k-m-mani

1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായി ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോർഡ് മറികടന്ന് സ്വന്തം പേരിലാക്കി. പന്ത്രണ്ടു മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനൊന്റെ ഒരു മന്ത്രിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. കുട്ടിയമ്മയാണ് ഭാര്യ. ജോസ്.കെ.മാണി എം.പി, സ്‌മിതാ മാണി, ആനി മാണി, സാലി മാണി എന്നിവരാണ് മക്കൾ.