bishop

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പൊലീസ് കുറ്റപത്രം സമ‍ർപ്പിച്ചു. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്‌.പി കെ സുഭാഷ് കുറ്റപത്രം സമർപ്പിച്ചത്. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ബിഷപ്പിനെതിരെ ചാർത്തിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം ഉൾപ്പടെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒൻപത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് 200 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.കേസിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമെന്നും,​ പകുതി നീതി കിട്ടിയെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പറഞ്ഞു.

അന്വേഷണം തൃപ്‌തികരമെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. സാക്ഷികൾ കൂറുമാറാതിരിക്കാൻ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി രേഖപ്പെടുത്തിയ ഏഴ് മജിസട്രേറ്റുമാരും സാക്ഷികളാണ്. മൊഴികളെല്ലാം കാമറയിലും പകർത്തിയിട്ടുണ്ട്. പ്രതിക്കെതിരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വിശദമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബു,​ എസ്‌.പി ഹരിശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറായായത്. പാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെങ്കിലും കോട്ടയം ജില്ലാ കോടതിയിലായിരിക്കും കേസിലെ പ്രാഥമിക വാദം നടക്കുക. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളാണുള്ളത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡി.ജി.പിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാർ സമരം നടത്തിയതിനെ തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.