പൃഥ്വിരാജും ജയസൂര്യയും തകർത്തഭിനയിച്ച ഒരു റൊമാന്റിക് കോമഡി സിനിമയാണ് ചോക്‌ളേറ്റ്. റോമ, രമ്യാ നമ്പീശൻ, സംവൃത സുനിൽ എന്നിവരായിരുന്നു നായികമാരായി എത്തിയത്. ഇന്നും ചിത്രത്തിലെ പല ഡയലോഗുകളും ഹിറ്റാണ്. ചിത്രത്തിലെ മൂവർ സംഘം വർഷങ്ങൾക്കു ശേഷം വീണ്ടും ഒത്തു ചേർന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി സംവൃതാ സുനിൽ. നടൻ ജയസൂര്യയ്ക്കും പൃഥ്വിരാജിനുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രമായിരുന്നു ഇൻസ്റ്റാഗ്രാമിലൂടെ സംവൃത പുറത്ത് വിട്ടത്. ഏറെ നാളുകൾക്ക് ശേഷമുള്ള സൗഹൃദം പുതുക്കുകയാണെന്ന് പറഞ്ഞാണ് നടി ഈ ചിത്രം ആരാധകർക്കായി സമ്മാനിച്ചിരിക്കുന്നത്.
വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത സംവൃത തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായാണ് സംവൃത അഭിനയ ലോകത്ത് മടങ്ങിയെത്തുന്നത്.