ഗുഹ നമുക്ക് അപൂർവ ഇടമാണ്. പേര് കേൾക്കുമ്പോൾതന്നെ പാറകൾ നിറഞ്ഞ ഒരു ഗുഹയുടെ ചിത്രമായിരിക്കും മനസിൽ ഓടിയെത്തുക. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഉപ്പുകൊണ്ടൊരു ഗുഹയുണ്ടായാലോ.. അങ്ങനെയും ഗുഹകളുണ്ട്. ഈ വിശേഷം ഇപ്പോൾ പറയാൻ കാരണമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുഗുഹ ഇസ്രായേലിൽ കണ്ടെത്തി. മൽഹാം എന്നാണ് പേര്. ചാവുകടലിനടുത്തുള്ള സോദോം എന്ന കുന്നിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.10 കിലോമീറ്ററാണ് ഗുഹയുടെ നീളം. ഉള്ളിൽ ഉപ്പിന്റെ പരലുകൾ നീണ്ട ആകൃതിയിൽ ഉറഞ്ഞുകൂടി മേൽത്തട്ടിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്നത് കാണാം. ഗുഹയുടെ ചുവരിൽ ഉപ്പ് പരലുകളുടെ തിളക്കം.
ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഗുഹയായ ഇവിടെ വച്ചാണ് ലോദിന്റെ ഭാര്യ ഉപ്പ് തൂണായി മാറപ്പെട്ടത് എന്ന് വിശ്വസിക്കുന്നു.
രണ്ട് വർഷം മുൻപാണ് ഇത്തരമൊരു ഗുഹയുണ്ട് എന്ന കാര്യം ഗവേഷകർക്ക് മനസിലായി തെരച്ചിൽ തുടങ്ങിയത്. ഈ പര്യവേക്ഷണത്തിൽ 9 രാജ്യങ്ങളിലെ ഗവേഷകരുണ്ടായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിലുള്ള സങ്കീർണ്ണമായ വഴികളാണ് ഗുഹയ്ക്കുള്ളിൽ.ജറുസലേമിലെ ഹീബ്രൂ സർവകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 10 ദിവസമെടുത്താണ് ഗുഹയുടെ നീളം കണക്കാക്കിയത്.