km-mani
കെ.എം.മാണിയും ഭാര്യ കുട്ടിയമ്മയും

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോട്ടയം സീറ്റിലെ സ്ഥാനാർത്ഥി ആരാകണമെന്ന തർക്കത്തിന് പിറകേയാണ് അധ്വാന വർഗ സിദ്ധാന്തത്തിന്റെ അപ്പോസ്തലൻ എന്നവകാശപ്പെടുന്ന കരിങ്ങോഴയ്ക്കൽ മാണി മാണി ഈ ലോകത്തോട് വിടപറയുന്നത്. ഏറ്റവും കൂടുതൽ തവണ ബഡ്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിൽ കേരളത്തിന്റെ നിയമസഭാ ചരിത്രത്തിൽ പുത്തൻ ഏടുകൾ എഴുതിച്ചേർത്ത മാണി സ്വന്തം ജീവിതം തന്നെ ചരിത്രമാക്കിയ അപൂർവ വ്യക്തിത്വങ്ങളിലൊന്നാണ്.


പുതുതായി രൂപീകരിച്ച പാലാ നിയോജകമണ്ഡലത്തിൽ നിന്ന് 1965 മാർച്ച് 5നായിരുന്നു കെ.എം.മാണി തിരഞ്ഞെടുക്കപ്പെട്ടത്. 13 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് അരനൂറ്റാണ്ടിന്റെ ജനവിശ്വാസം കാത്തു സൂക്ഷിക്കുന്ന മറ്റൊരു നേതാവ് ഇന്ന് കേരളത്തിലില്ല. മുൻ മന്ത്രി കെ.ബാബുവും മാണിയും ബാർകോഴയിൽ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പ് മാണിയുടെ രാഷ്ടീയ ജീവിതത്തിന്റെ അസ്തമനമെന്നു പലരും കരുതിയെങ്കിലും പാലാ കൈവിട്ടില്ല . ഇതുവരെ ചതിക്കാത്ത ആദ്യ ഭാര്യയെന്നു മാണി വിശേഷിപ്പിക്കുന്ന പാലായും മാണിയും തമ്മിലുള്ള ബന്ധം അതാണ് ."എന്നെ കൊല്ലാനാവും .പക്ഷേ തോല്പിക്കാനാവില്ല " എന്ന പ്രസിദ്ധമായ വാക്യം കടമെടുത്താൽ മാണിയെ രാഷ്ടീയമായി കൊല്ലാനോ തോല്പിക്കാനോ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് 86 വർഷത്തെ ജീവിതം തെളിവു തരുന്നത്.

km-mani
കെ.എം.മാണിയും ഭാര്യ കുട്ടിയമ്മയും

ഒരു മണ്ഡലം രൂപീകരിച്ച നാൾമുതൽ വിജയിക്കുക. രാജ്യത്തു മറ്റൊരു ജനപ്രതിനിധിക്കും സാധിക്കാത്ത ചരിത്രം മാണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുമെഴുതി. കേരളമാകെ ''ഇടതുകാറ്റ് '' ആഞ്ഞുവീശിയപ്പോഴും കുലുങ്ങാതെ മാണി പറഞ്ഞു ''പാലാക്കാർ എന്നെ കൈവിടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എക്‌സിറ്റ്‌പോൾ ഫലം എതിരായി വന്നാലും എനിക്കതൊരു പ്രശ്‌നമല്ല...!

കെ.എം മാണി = പാലാ; പാലാ= കെ.എം. മാണി. അരനൂറ്റാണ്ടത്തെ പൊതുപ്രവർത്തനത്തിനിടയിൽ ചെളി തെറിപ്പിക്കാൻ ശ്രമിച്ചവർക്ക് ഒടുവിൽ പശ്ചാത്തപിക്കേണ്ടിവന്നുവെന്നത് രാഷ്ട്രീയ ചരിത്രം. 1965-ൽ കെ.എം മാണി പാലായുടെ പ്രതിനിധിയായി. തെരഞ്ഞെടുക്കപ്പെട്ട നാൾ മുതൽ പാലാ തന്റെ തറവാടാണെന്ന് കരുതി പ്രവർത്തിച്ചു. കുട്ടിയമ്മ ഒന്നാം ഭാര്യയായപ്പോൾ പാലാ തന്റെ രണ്ടാംഭാര്യയാണെന്ന് മാണി പലവട്ടം പറഞ്ഞു. നേതാക്കളുടെ കുറവുമൂലം പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടിച്ചു നിൽക്കാതെ തകർന്നു പോകുമ്പോൾ ഒരു വ്യക്തി പ്രസ്ഥാനമായി വളർന്നു എന്നതാണ് കെ.എം മാണിയുടെ ജീവിതകഥ . കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ മാണി കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു .പക്ഷേ ഇന്ന് കേരളകോൺഗ്രസിന്റെ ചരിത്രം മാണിക്കപ്പുറമില്ല .


വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന സ്വന്തം പാർട്ടിയെപ്പറ്റിയുളള പ്രസിദ്ധമായ വാക്യം ശരിയാണെന്ന് കാലം തെളിയിക്കുന്നു. എത്ര തവണ പാർട്ടി പിളർന്നു വെന്ന് മാണിക്ക് പോലും ഒരു പക്ഷേ പറയാൻ കഴിയില്ല .പക്ഷേ പിളർന്നു മാറിയവരെല്ലാം രാഷ്ടീയത്തിൽ പിടിച്ചു നില്ക്കാൻ വീണ്ടും മാണിയുമായി കൂട്ടുചേരുന്നതായിരുന്നു കേരളകോൺഗ്രസ് ചരിത്രം .ഇവിടെയും മാണിയെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല.

km-mani
കെ.എം.മാണി നിയമസഭയിൽ

യു.ഡി.എഫ് ബന്ധം വിട്ട് ഒരു മുന്നണിയിലുമില്ലാതെ സമദൂര നിലപാടിൽ നില്ക്കുമ്പോഴും രാഷ്ടീയ കേരളം മാണിയെ എഴുതി തള്ളുന്നില്ല , തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് ബന്ധം നിലനിർത്തി അധികാരം നിലനിർത്തുന്ന കൗശലം തുടരുമ്പോൾ എങ്ങനെ വീണാലും നാലുകാലിലെന്ന മെയ് വഴക്കം ഇത്ര സ്വാധീനമാക്കിയിട്ടുള്ള മറ്റൊരു നേതാവില്ലെന്നു നമ്മൾ അറിയാതെ പറഞ്ഞു പോകും. അതു കൊണ്ടു തന്നെ ഇരു മുന്നണിയിലുമില്ലാതെ സമദൂര നിലപാട് പറയുമ്പോഴും അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് ഒരു മുന്നണിയിൽ ഉണ്ടാകും .അത് ഏതെന്നു മാതം അറിഞ്ഞാൽ മതി . തിരിച്ച് യു.ഡിഎഫ് ആകാം. ബാർ കോഴ കേസിൽ പരിശുദ്ധനായി തിരിച്ചു വന്നാൽ ഇടതു മുന്നണിയോ ബി.ജെ.പി മുന്നണിയോ വരെ മത്സരിച്ചു കൈനീട്ടാം. അതാണ് മാണിയുടെ രാഷ്ടീയ മാജിക്ക് .അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിൽ പാർട്ടി ഏതു മുന്നണിയിൽ മത്സരിക്കുമെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാവില്ല . അപ്പോഴത്തെ രാഷ്ടീയം അനുസരിച്ചായിരിക്കും നിലപാടെന്നാണ് മാണിയുടെ മെയ് വഴക്കത്തോടെയുള്ള മറുപടി.

km-mani
കെ.എം.മാണി ,ടി,എം.ജേക്കബ്,സി,എഫ് തോമസ് എന്നിവർ

പ്രതിസന്ധികളെയെല്ലാം എന്നും അതിജീവിച്ച് ഇരട്ടിശക്തിയോടെ തിരിച്ചു വന്ന ചരിത്രമാണ് മാണിയുടേത്. ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ ഇറക്കിയ നോട്ടീസിന്റെ പേരിൽ സമുദായവോട്ടുകൾ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തി ഹൈക്കോടതി മാണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി .അന്ന് മന്ത്രി സ്ഥാനം രാജിവെച്ച് പകരം താൻ പറഞ്ഞാൽ മാറുമെന്നുറപ്പാക്കി പി.ജെ.ജോസഫിനെ മന്ത്രിയാക്കി പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിലൂടെ വീണ്ടും മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയ മാണി ഏറ്റെടുത്ത വകുപ്പുകളിലെല്ലാം ഭരണനിപുണൻ എന്ന പേര് എന്നും സമ്പാദിച്ചിരുന്നു. മാണി കൈകാര്യം ചെയ്യാത്ത വകുപ്പുകളില്ല. 13 ബഡ്‌ജറ്റ് അവതരിപ്പിച്ചു ഇന്ത്യയിൽ തന്നെ റെക്കോഡിട്ട മാണിയെത്തേടി ധനമന്ത്രിമാരുടെ ദേശീയ ഉന്നതാധികാര സമിതി അധ്യക്ഷ സ്ഥാനം വരെയെത്തി.