km-mani-
കെ.എം മാണി

കൊച്ചി: ''സംസ്ഥാനങ്ങൾക്ക് കുറച്ച് അധികാരമേയുള്ളൂ. കൂടുതൽ അധികാരവും കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമായിരിക്കുന്നത് സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രതിസന്ധിയാണ്. സംസ്‌ഥാനങ്ങൾക്കും വേണ്ടത്ര അധികാരം ലഭിക്കാൻ നമ്മുടെ ഭരണ ഘടന പൊളിച്ചെഴുതണം"", കെ.എം. മാണിയുടെ വാക്കുകളാണിത്.

തന്റെ അര നൂറ്റാണ്ടുകാലത്തെ രാഷ്‌ട്രീയ ജീവിതം സംബന്ധിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെ. ഗോവിന്ദൻകുട്ടി രചിച്ച 'കെ.എം. മാണി - എ സ്‌റ്റഡി ഇൻ റീജിയണലിസം" എന്ന പുസ്‌തകത്തിന്റെ, കൊച്ചിയിൽ നടന്ന പ്രകാശന ചടങ്ങിലാണ് കെ.എം. മാണി ഇക്കാര്യം പറഞ്ഞത്. പുസ്‌തകം പ്രകാശനം ചെയ്‌തത്, കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയായിരുന്നു. തിരഞ്ഞെടുപ്പിൽ തോൽവി അറിയാതെ രാഷ്‌ട്രീയരംഗത്ത് മുന്നേറുന്ന കെ.എം. മാണിയുടെ ജീവിതം മഹാത്‌ഭുതമാണെന്ന് അന്ന് ജയ്‌റ്ര്‌ലി വാഴ്‌ത്തി. '' നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിമാർ തിരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്നവരും തോറ്റിട്ടുണ്ട്. എങ്ങനെയാണ് ഒരാൾക്ക് തോൽവിയറിയാതെ 50 വർഷം തിരഞ്ഞെടുപ്പിൽ ജയിക്കാനാവുക? മാണി സാർ താങ്കൾ ശരിക്കുമൊരു അത്‌ഭുതമാണ് "", ജയ്‌റ്റ്‌ലി പറഞ്ഞു.

50 വർഷക്കാലം മാണിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ എതിരാളികൾ പല തന്ത്രങ്ങളും പയറ്റിയുണ്ട്. നിരവധി വിവാദങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ മാണി നേരിട്ടു. പക്ഷേ, അവയെല്ലാം നിസാരമായി തട്ടിയകറ്റി അദ്ദേഹം തോൽവിയറിയാതെ മുന്നേറി. അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഥ പറയുന്ന പുസ്‌തവും ഏതൊരു ഇന്ത്യൻ രാഷ്‌ട്രീയ വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ട പാഠപുസ്‌തകമാണെന്നും ജയ്‌റ്ര്‌ലി അഭിപ്രായപ്പെട്ടു.

'ഒരു രാജ്യം, ഒരു നികുതി" എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി സംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ ആദ്യ ചെയർമാൻ കെ.എം. മാണി ആയിരുന്നു. രാഷ്‌ട്രീയ-ഭരണ തലത്തിൽ അര നൂറ്രാണ്ടുകാലത്തെ മാണിയുടെ പരിചയസമ്പത്താണ് ഈ സ്ഥാനത്തേക്ക് ഐകകണ്ഠേന മാണി തിരഞ്ഞെടുക്കപ്പെടാൻ കാരണമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ, മറുപടി പ്രസംഗത്തിൽ മാണി പ്രദേശിക പാർട്ടികളുടെ കരുത്തിനെ കുറിച്ചും സംസാരിച്ചു. ''പ്രാദേശിക പാർട്ടിയല്ല, ഞങ്ങൾ (കേരള കോൺഗ്രസ്) സംസ്ഥാന പാർട്ടിയാണ്. രാജ്യത്ത് സംസ്ഥാന പാർട്ടികളുടെ പ്രസക്തി ഏറുകയാണ്. ദേശീയ-സംസ്ഥാന പാർട്ടികൾ കൈകോർത്താൽ സുസ്‌ഥിര വികസനം നടപ്പാക്കാനാകും"",​ മാണി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ധനമന്ത്രി സ്ഥാനം വഹിച്ച വ്യക്തിത്വമാണ്, അഭിഭാഷകനും ഒട്ടേറെ പുസ്‌തകങ്ങളുടെ രചയിതാവും കൂടിയായ മാണി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ (13) ബഡ്‌ജറ്ര് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കാഡും മാണിയുടെ സ്വന്തമാണ്.