റായ്ഗഞ്ച്: കൂട്ടക്കൊലകളേയും ലഹളകളേയും കൂട്ടുപിടിച്ചാണ് മോദി രാഷ്ട്രീയത്തിൽ ജ്ഞാനസ്നാനം ചെയ്‌തതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. റായ്ഗഞ്ചിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. മോദിയുടെ പ്രവൃത്തികൾ കണ്ടിരുന്നുവെങ്കിൽ ഹിറ്റ്ലർ ആത്മഹത്യ ചെയ്തേനെയെന്നും മോദി ഫാസിസ്റ്റുകളുടെ രാജാവാണെന്നും മമത പറഞ്ഞു. കോൺഗ്രസിന് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കണമെങ്കിൽ മറ്റ് പാർട്ടികളുടെ സഹായം തീർച്ചയായും തേടേണ്ടി വരും. മോദിയെ പുറത്താക്കാനായാണ് ഓരോ സംസ്ഥാനങ്ങളിലും പുതിയ സഖ്യകക്ഷികൾ രൂപം കൊള്ളുന്നത്. മോദിയ്ക്ക് ഭരണം നഷ്ടമായി കഴിഞ്ഞാൽ പുതിയ ഇന്ത്യയെ പടുത്തുയർത്തുന്നതിനായി തങ്ങൾ എല്ലാവരും ചേർന്ന് കഠിനപ്രയത്നം നടത്തുമെന്നും മമത കൂട്ടിച്ചേർത്തു.