km-mani

കേരള രാഷ്ട്രീയത്തിലെ അതികായനും കേരള കോൺഗ്രസ് പാർട്ടി ചെയർമാനുമായ കെ.എം.മാണിയുടെ വിയോഗത്തിലൂടെ ജനാധിപത്യകേരളത്തിലെ സംഭവബഹുലമായ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.മന്ത്രിയെന്ന നിലയിലും എം.എൽ.എയെന്ന നിലയിലും ഭേദിക്കാനാകാത്ത റെക്കോർഡുകൾ സ‌ൃഷ്ടിച്ച കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ.എം.മാണി യാത്രയാകുമ്പോൾ പ്രായോഗിക രാഷ്ട്രീയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒരു നേതാവിനെയാണ് കേരളത്തിന് നഷ്ടമാകുന്നത്.

പ്രതിസന്ധികളും വിവാദങ്ങളും എന്നും ഒപ്പമുണ്ടായിരുന്നെങ്കിലും ഇതിഹാസസമാനമായ പൊതുപ്രവർത്തനത്തിലൂടെയാണ് കേരളരാഷ്ട്രീയത്തിലെ വൻമരങ്ങളിലൊന്നായി കെ.എം.മാണി പടർന്നു പന്തലിച്ചത്.കേരളകോൺഗ്രസ് എന്ന താരതമ്യേന ചെറിയ രാഷ്ട്രീയപാർട്ടിയെ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് ഒരുപോലെ സ്വീകാര്യമാക്കി നിലനിർത്തുന്നതിൽ കെ.എം.മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ പങ്ക് ചെറുതൊന്നുമല്ല.കഴി‌ഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് ബാർകോഴ വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച, മാണി യു.ഡി.എഫ് വിട്ടപ്പോൾ അദ്ദേഹത്തേയും പാർട്ടിയേയും ഒപ്പം നിർത്താൻ ആരൊക്ക ശ്രമിച്ചുവെന്നത് കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ്.തുടർന്ന് അതേ മുന്നണിയിൽ ഇടവേളയ്ക്കുശേഷം മാണി തിരിച്ചെത്തിയത് ലോക്സഭാംഗമായ മകന് രാജ്യസഭാംഗത്വം നേടിക്കൊടുത്തുകൊണ്ടായിരുന്നു.മാണിയെന്ന തന്ത്രശാലിയായ രാഷ്ട്രീയനേതാവിനെ തിരിച്ചറിയാൻ ഈ ചെറിയ ഉദാഹരണം മാത്രം മതിയാകും.

വമ്പൻമാർ കേരള രാഷ്ട്രീയം അടക്കിവാണ കാലഘട്ടത്തിലാണ് കെ.എം.മാണി അവർക്കിടയിൽ സ്വന്തം പാത വെട്ടിത്തെളിച്ച് ഒരു പ്രസ്ഥാനമായി വളർന്നത്.നിയമസഭയിലെ അംഗസംഖ്യ എന്തുതന്നെയായാലും ആർക്കും അവഗണിക്കാനാവാത്ത നേതാവായി മാണിയും അദ്ദേഹത്തിന്റെ പാർടിയും മാറി.സ്വന്തം പാർട്ടി പലതവണ പിളർന്നപ്പോൾ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളകോൺഗ്രസ് എന്ന് മാണി നടത്തിയ പരാമർശം പിന്നീട് കേരളകോൺഗ്രസ് രാഷ്ട്രീയത്തിലെ തന്നെ ഒരു ചൊല്ലായി മാറി.പാർട്ടി എപ്പോൾ പിളർന്നാലും ആ പ്രസ്ഥാനത്തിലെ ഏറ്റവും വ്യക്തി പ്രഭാവമുള്ള നേതാവ് എന്നും കെ.എം.മാണിതന്നെയായിരുന്നു.ആജ്ഞാശക്തിയുള്ള രാഷ്ട്രീയസ്വരമായിരുന്നു മാണിയുടേത്.പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ആ ശബ്ദം എന്നും ഉയർന്നുനിന്നു.മലയോര കർഷകരുടെ അനിഷേധ്യ നേതാവായ മാണി മധ്യ കേരളത്തിലെ രാഷ്ട്രീയത്തെ തന്റെ വരുതിയിൽ നിറുത്താൻ പ്രായോഗികരാഷ്ട്രീയത്തിന്റെ ആയുധങ്ങൾ ഒന്നൊന്നായി പ്രയോഗിച്ചു.

അഭിഭാഷകനായിട്ടാണ് മാണി പൊതുജീവിതം ആരംഭിച്ചത്.അധികം വൈകാതെ മാണി കോൺഗ്രസിൽ സജീവമായി. കെ.എം.ജോർജിന്റെ നേതൃത്തിൽ കോൺഗ്രസ് വിട്ട് പുതുതായി രൂപീകരിച്ച കേരളകോൺഗ്രസിലേക്ക് അധികം വൈകാതെ മാണിയുമെത്തി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 1965 ലെ തിരഞ്ഞെടുപ്പിലാണ് മാണി പാലായിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് തുടർച്ചയായി മാണി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.54 വർഷമായി റെക്കോർഡോടെ നിയമസഭാംഗമായിത്തുടരുന്ന മാണി ഈ കാലയളവിൽ ഇടതു വലത് ചേരികൾ മാറുകയും ഇരു പക്ഷത്തും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ മാണി ആഭ്യന്തരം ,ധനകാര്യം,റവന്യു,നിയമം,നഗരവികസനം,ഭവന നിർമ്മാണം,ജലസേചനം,ഇൻഫർമേഷൻ എന്നീ വകുപ്പുകൾ വിവിധ ഘട്ടങ്ങളിലായി കൈകാര്യം ചെയ്തു.മന്ത്രിയെന്ന നിലയിൽ മാണിയുടെ സംഭാവനകൾ വിപുലമാണ്.കർഷക ക്ഷേമത്തിലൂന്നിയ പലപദ്ധതികൾക്കും പ്രാരംഭം കുറിച്ച മാണിക്ക് കർഷകത്തൊഴിലാളി പെൻഷൻ നടപ്പിലാക്കാനും അവസരം ലഭിച്ചു. നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമായി മാറിയ കാരുണ്യലോട്ടറി മാണിയുടെ എന്നെന്നും ഓർമ്മിക്കുന്ന സംഭാവനയാണ്.

സംസ്ഥാനത്ത് ഏറ്റവുമധികം തവണ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന കീർത്തിയും മാണിക്കവകാശപ്പെട്ടതാണ്.13 തവണ.ഇതിൽ തുടർച്ചയായി ഏഴു ബഡ്ജറ്റ് അവതരിപ്പിച്ചുവെന്ന ഖ്യാതിയും നേടി. തന്റെ പതിമൂന്നാമത്തെ ബഡ്ജറ്റ് മാണി അവതരിപ്പിച്ചത് കേരള നിയമസഭ കണ്ട ഏറ്റവും നിർഭാഗ്യകരമായ പ്രതിഷേധങ്ങൾക്കു നടുവിലായിരുന്നു.

ബുദ്ധിജീവി നാട്യങ്ങളോ കൃത്രിമശൈലികളോ പുലർത്താതെ നിത്യജീവിതത്തിലെ സംഭവവികാസങ്ങളെ സന്ദർഭോചിതമായി നേരിടുന്നതിൽ മാണിക്ക് അസാധാരണമായ പാഠവമുണ്ടായിരുന്നു.കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർക്കു മുന്നിൽ സ്വന്തം തത്വശാസ്ത്രമെന്നോണം മാണി അവതരിപ്പിച്ച അദ്ധ്വാനവർഗ്ഗ സിദ്ധാന്തം വലിയ ചർച്ചയായി മാറ്റാനും ,ആഗോളവേദിയിൽപ്പോലും അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

പാല കെ.എം.മാണിയുടെ ഹൃദയമായിരുന്നു.എന്നും വികാരവായ്പ്പോടെ മാത്രമെ മാണി സ്വന്തം മണ്ഡലത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളു.പാലാക്കാർ എല്ലാ പ്രതിസന്ധികളിലും മാണിക്കൊപ്പം നിന്നു.മാണിസാർ എന്ന് സ്നേഹത്തോടെ വിളിച്ചു. ഭാര്യ കുട്ടിയമ്മയുമൊത്തുള്ള മാണിയുടെ സ്നേഹപൂർണ്ണമായ ദാമ്പത്യജീവിതം ആറുപതിറ്റാണ്ട് പിന്നിട്ടു.എന്നും അദ്ദേഹത്തിന്റെ നിഴലായി കുട്ടിയമ്മ നിലകൊണ്ടു.

കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾക്കതീതമായി ഉയർന്ന് കേരളീയ ജീവിതത്തെ ആഴത്തിൽ അറിയുകയും എല്ലാ വിഭാഗം ജനങ്ങളുടേയും ആദരവും സ്നേഹവും ആർജ്ജിച്ചെടുക്കുകയും ചെയ്ത മാണി സദാ കർമ്മനിരതനായിരുന്നു.എല്ലാ വെല്ലുവിളികളേയും പുഞ്ചിരിയോടെ നേരിടുകയും,പ്രതിസന്ധികളിൽ തളരാതെ തലഉയർത്തി നിൽക്കുകയും ചെയ്ത വലിയ നേതാവായിരുന്നു അദ്ദേഹം .കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ആത്മ മിത്രത്തെയും അഭ്യുദയകാംക്ഷിയെയുമാണ് നഷ്ടമായിരിക്കുന്നത്.അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സഹപ്രവർത്തകരുടേയും, അനുയായികളുടേയും തീരാദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു