news

1. ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിന് എതിരായ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിഷപ്പിന് എതിരെ ചുമത്തിയിരിക്കുന്നത് മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെ ആറ് വകുപ്പുകള്‍. 9 മാസത്തെ അന്വേഷണത്തിന് ശേഷം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘം സമര്‍പ്പിച്ചത് 2000 പേജുള്ള കുറ്റപത്രം

2. കുറ്റപത്രത്തിലുള്ളത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും പത്ത് പേരുടെ രഹസ്യ മൊഴികളും. അഞ്ച് വാല്യങ്ങളിലായി രണ്ടായിരം പേജ് അടങ്ങുന്ന കുറ്റപത്രത്തില്‍ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പെടെ കേസിലുള്ളത് 83 സാക്ഷികള്‍.

3. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രം സമ്മര്‍പ്പിച്ചതില്‍ സന്തോഷമെന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് വേണ്ടി സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ സന്യാസിനിമാര്‍. ഭാഗിക നീതി ലഭിച്ചെന്നും കന്യാസ്ത്രീകള്‍. അന്വേഷണം തൃപ്തികരമെന്ന് സിസ്റ്റര്‍ അനുപമ. വേട്ടയാടല്‍ ഇപ്പോഴും തുടരുന്നു എന്നും പ്രതികരണം

4. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് എതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നതായി വെളിപ്പെടുത്തല്‍. അസാധു നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് കപില്‍ സിബല്‍

5. ഒറ്റയടിക്ക് 320 കോടി മാറ്റിയെടുക്കുന്ന തെളിവുകളാണ് പുറത്ത് വിട്ടത്. ഇടപാട് നടന്നത് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയില്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍. അസാധു നോട്ട് മാറ്റി നല്‍കല്‍ ഇപ്പോഴും തുടരുന്നു. നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് 3 സീരിസില്‍ വ്യാജ നോട്ട് പ്രിന്റ് ചെയ്ത് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചു. രാഷ്ട്രീയക്കാര്‍ക്ക് നോട്ടുകള്‍ മാറി നല്‍കിയെന്നും അമിത് ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ കപില്‍ സിബല്‍. വ്യാജ നോട്ടിനെക്കുറിച്ച് പി.എം.ഒയ്ക്കും അറിവുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ ആരോപണം

6. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം മാണിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. മാണിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. രാവിലെ നില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം മോശമാകുക ആയിരുന്നു. വെള്ളിയാഴ്ച മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മാണി

7. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണത്തില്‍ മറുപടിയുമായി ഭരണപരിക്ഷകാര കമ്മിഷന്‍ വി.എസ് അച്യുതാനന്ദന്‍. ചില താരങ്ങളുടെ അവസാനം ചുവന്ന ഭീമന്‍ ആയിട്ടാകും. പാര്‍ട്ടിയില്‍ എല്ലാവരും താരപ്രചാരകര്‍ ആണെന്നും വി.എസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഈ തിരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തില്‍ നിന്ന് വിട്ട് നില്‍കുന്നില്ലെന്നും വി.എസ്

8. മസാല ബോണ്ട് വിവാദത്തില്‍ സര്‍ക്കാരിന് എതിരെ വീണ്ടും ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ ആറ് ചോദ്യങ്ങളാണ് നേതാവ് ഉന്നയിച്ചിരിക്കുന്നത്. കാനഡയിലെ കമ്പനി മാത്രം എങ്ങനെ മസാല ബോണ്ട് വാങ്ങി, ബോണ്ട് ലിസ്റ്റ് ചെയ്യും മുമ്പ് കനേഡിയന്‍ കമ്പനി ഇതെങ്ങനെ അറിഞ്ഞു, പിടികിട്ടാ പുള്ളികളായ ലാവ്ലിന്‍ ഉദ്യോഗസ്ഥരും ആയുള്ള ഇടപാട് നിയമപരമാണോ തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല ചോദിക്കുന്നത്

9. ബീഫ് വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്ലീം വൃദ്ധനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കി. 68 വയസുകാരനായ ഷൗക്കത്ത് അലിയെ ആണ് ക്രൂരമായി മര്‍ദ്ദിച്ചത്. വൃദ്ധനെ ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് പോര്‍ക്ക് തീറ്റിച്ചതായും റിപ്പോര്‍ട്ടുണ്ട്. നീ ബംഗ്ലാദേശി ആണോ, ബീഫ് വില്‍ക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മര്‍ദ്ദനം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് 5 പേരെ കസ്റ്റഡിയില്‍ എടുത്തു

10. അധികാരത്തില്‍ എത്തിയാല്‍ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ്. ബി.ജെ.പി പറഞ്ഞത് കള്ളപ്പണത്തിന് എതിരെ നടപടിയെടുക്കും എന്നാണ്. കള്ളപ്പണത്തിന് എതിരായ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുക ആണെന്നും ആണെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്നാഥ് സിംഗ് പറഞ്ഞു

11. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമകള്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെ തമിഴ്കത്ത് കോളിളക്കം സൃഷ്ടിച്ച് പുതിയൊരു സിനിമ കൂടി ഒരുങ്ങുന്നു. ശശിലളിത എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കെ. ജഗദീശ്വര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ജയിലളിതയ്ക്ക് ഒപ്പം ശശികലയ്ക്കും പ്രാധാന്യം നല്‍കുന്നതാണ്

12. ബോക്സ് ഓഫീസ് റെക്കോഡുകള്‍ കുതിപ്പ് തുടരുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് ലൂസിഫര്‍. വിദേശ മാര്‍ക്കറ്റില്‍ നിന്ന് മാത്രം 45 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതോടെ വിദേശ മാര്‍ക്കറ്റില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ രണ്ടാമന്‍ ആയിരിക്കുകയാണ് ചിത്രം. രജനികാന്ത് നായകനായ പേട്ട എന്ന ചിത്രമാണ് ഒന്നാമത്. എട്ട് ദിവസം കൊണ്ട് 100 കോടി കബ്ലില്‍ എത്തിയതിന് പിന്നാലെ ആണ് ചിത്രത്തിന്റെ പുതിയെ നേട്ടം