അമേതി: സ്മൃതി ഇറാനി ഏപ്രിൽ 11ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 17ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനായിരുന്നു സ്‌മൃതിയുടെ തീരുമാനം. എന്നാൽ അന്ന് അവധി ദിവസമായതിനാൽ തീയതി മാറ്റി നിശ്ചയിക്കുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമേതിയിലെ ബി.ജെ.പി ഇൻ ചാർജ് മൊഹ്സിൻ റാസ, ജഗ്‌ദീഷ്‌പൂർ എം.എൽ.എയും മന്ത്രിയുമായ സുരേഷ് പസി എന്നിവരും പത്രികാ സമർപ്പണത്തിന് സ്മൃതിയെ അനുഗമിക്കും. ഗൗരിഗഞ്ചിലെ ബി.ജെ.പി ഒഫിസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബുദ്ധൻമായി ക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷമേ സ്മൃതി പത്രിക സമർപ്പിക്കൂ. സ്‌മൃതിയുടെ പ്രധാന എതിരാളിയായ രാഹുൽ ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും.